യൂറോകപ്പ്: ജര്‍മനിക്കും ബെല്‍ജിയത്തിനും വിജയം; ക്രൊയേഷ്യയെ അട്ടിമറിച്ച് ഹംഗറി
ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ജര്‍മനി, ബെല്‍ജിയം, വെയ്ല്‍സ്, ഹംഗറി എന്നീ ടീമുകള്‍ക്കു വിജയം.
ആംസ്റ്റര്‍ഡാമില്‍ ഇന്നു പുലര്‍ച്ചെ 1.30നു നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡിനെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ജര്‍മനി പരാജയപ്പെടുത്തിയത്. ഇരുഭാഗത്തും കരുത്തരായ താരങ്ങള്‍ അണിനിരന്ന മല്‍സരത്തില്‍ അവസാന സമയത്തായിരുന്നു ജര്‍മനിയുടെ വിജയഗോള്‍ പിറന്നത്. ലിറോയ് സാനെ, സെര്‍ജി ഗ്നാബറി, നിക്കോ ഷുള്‍സ് എന്നിവര്‍ ജര്‍മനിക്കായി ഗോള്‍ നേടിയപ്പോള്‍ ഹോളണ്ടിന് വേണ്ടി മെംഫിസ് ദിപേയും ഡി ലിറ്റും ലക്ഷ്യം കണ്ടു. ഹോളണ്ട് ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ബെലാറസിനെ തോല്പിച്ചിരുന്നു.
മറ്റൊരുമല്‍സരത്തില്‍ സൈപ്രസിനെ എതിരില്ലാത്ത രണ്ടുഗോള്ക്കു കീഴടക്കിയാണ് ബെല്‍ജിയം നിര്‍ണ്ണായക പോയിന്റുകള്‍ സ്വന്തമാക്കിയത്. ഈഡന് ഹസാര്‍ഡും മിച്ചി ബാത്ശുവായിയുമാണ് ബെല്‍ജിയത്തിന്റെ ഗോള്‍വേട്ടക്കാര്‍. തന്റെ നൂറാം മത്സരത്തിലായിരുന്നു സൂപ്പര്‍ താരം ഹസാര്‍ഡിന്റെ ഗോള്‍.
മറ്റൊരു മല്‍സരത്തില്‍ ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രോയേഷ്യയെ ഹംഗറി അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു ഹംഗറിയുടെ വിജയം. പതിമൂന്നാം മിനിറ്റില്‍ ആന്റോ റബിക്കിന്റെ ഗോളില്‍ ക്രോയേഷ്യ മുന്നിലെത്തിയെങ്കിലും 34ാം മിനിറ്റില്‍ ആദം ഷലായിയും 76ാം മിനിറ്റില്‍ മാറ്റേ പറ്റ്കായിയും തിരിച്ചടിക്കുകയായിരുന്നു. മികച്ച കളി പുറത്തെടുത്തെങ്കിലും ലക്ഷ്യംകാണുന്നതില് കരുത്തരായ ക്രൊയേഷ്യന്‍ ടീമംഗങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.
സ്ലൊവാകിയയെ ഏകപക്ഷീയമായ ഒരുഗോളിനാണ് വെയില്‍സ് കീഴടക്കിയത്. കളിയുടെ അഞ്ചാംമിനിറ്റില്‍ സ്വാന്‍സി സിറ്റി താരം ഡാനിയല്‍ ജെയിംസ് ആണ് വെയില്സിന്റ ഗോളടിച്ചത്. അവസാനം വരെ ഈ മുന്‍തൂക്കം നിലനിര്‍ത്താനും വെയില്‍സിനു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."