മങ്കര ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ദുരിതങ്ങളുടെ ചൂളം വിളി
മങ്കര: റെയില്‍വേയുടെ അവഗണന മൂലം തരം താഴ്ത്തപ്പെട്ട ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷനായി മാറിയ മങ്കര റെയില്‍വേ സ്റ്റേഷനില്‍ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതങ്ങള്‍ മാത്രം. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച സ്റ്റേഷന്‍ കെട്ടിടം മഴ പെയ്താല്‍ മഴയുംകൊള്ളേണ്ട ഗതികേടിലുമാണ്. മങ്കര സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ വരുമാനമെല്ലാം കുറഞ്ഞതിന്റെ പേരില്‍ സാമ്പത്തിക ബാധ്യതയായി മാറിയതിനാലാണ് മങ്കര റെയില്‍വേ സ്റ്റേഷന്‍ ഹാള്‍ട്ട് റെയില്‍വെ സ്റ്റേഷനാക്കി മാറ്റിയത്. നിലവില്‍ ഇന്റര്‍മീഡിയറി ബ്ലോക്ക് സിഗ്നലിങ് (ഐബിഎസ്) സംവിധാനത്തിലൂടെയാണ് ഇതുവഴി ട്രെയിനുകള്‍ കടന്നുപോവുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെഏക മലയാളി പ്രസിഡന്റായിരുന്ന സര്‍ സിപി. ശങ്കരന്‍ നായരുടെ ആവശ്യാര്‍ത്ഥം 1915 ല്‍ ബ്രീട്ടീഷുകാര്‍ നിര്‍മ്മിച്ച സ്റ്റേഷനാണ് മങ്കര റെയില്‍വേ സ്റ്റേഷന്‍. എന്നാല്‍ ഹാള്‍ട്ട് സ്റ്റേഷനായതോടെ ഇപ്പോള്‍ മെമു അടക്കം അഞ്ചു ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പുള്ള ഇവിടെക്കെത്തുന്ന യാത്രക്കാര്‍ക്ക് ദുരിതം മാത്രമാണ് സമ്മാനം. സ്റ്റേഷനിലേക്കുള്ള റോഡ് തകര്‍ന്നത് യാത്രക്കാര്‍ക്ക് ദുര്‍ഘട പാതയാവുകയാണ്. ദിവസേന 1000 ത്തോളം രൂപയുടെ ടിക്കറ്റാണ് സ്റ്റേഷനിലെ വരുമാനം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്നിരിക്കെകെട്ടിടത്തിന്റെ ചുവരുകള്‍ ഏതു നിമിഷവും നിലം പൊത്തുന്ന സ്ഥിതിയിലാണ്. മഴ പെയ്തതോടെ സമീപത്തൊക്കെ പുല്ലുവളര്‍ന്ന് ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്. വിരലിലെണ്ണാവുന്ന ട്രെയിനുകളാണ് വരുന്നതെങ്കിലും ട്രെയിനുകള്‍ കൃത്യസമയം പാലിക്കാത്തതിനാല്‍യാത്രക്കാര്‍ സ്റ്റേഷനെ കൈവെടിയുകയാണ്. കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തിയിരുന്നപ്പോഴും ട്രെയിനുകള്‍ കൃത്യസമയം പാലിച്ചിരുന്നപ്പോഴും യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മെച്ചപ്പെട്ട സ്ഥിതിയായിരുന്നു. പ്ലാറ്റ്‌ഫോമുകള്‍ വൃത്തിയാക്കാന്‍ സൗര്യമില്ലാത്തതിനാല്‍ വിശ്രമകേന്ദ്രത്തിലേ ഇരിപ്പിടങ്ങള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത് സ്ഥിതിയാണ്. സ്വതന്ത്ര്യ സമര സേനാനിയുടെ സ്മരണ നിലനിര്‍ത്തുമ്പോഴും നൂറ്റാണ്ടുകള്‍ പിന്നിടുന്ന മങ്കര റെയില്‍വേ സ്റ്റേഷന് അവഗണനയുടെ ചൂളം വിളി മാത്രമല്ല ഇവിടെത്തുന്ന യാത്രക്കാര്‍ക്ക് ദുരിതങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."