സഊദിയില്‍ ഇരട്ടി വൈദ്യുതി ബില്ല്; ശൂറാ കൗണ്‍സില്‍ ഇടപെടുന്നു
ജിദ്ദ: വൈദ്യുതിക്ക് സബ്‌സിഡി എടുത്തു കളഞ്ഞ സഊദിയില്‍ ഈ മാസം ഇരട്ടി വൈദ്യുതി ബില്ല്. ഫ്‌ലാറ്റുകളില്‍ രണ്ടായിരത്തിനു മുകളിലാണ് ശരാശരി ബില്‍ തുക ലഭിച്ചിരിക്കുന്നത്. എന്നാല്‍ റമദാനും ചൂടും ഒന്നിച്ചെത്തിയതോടെ കൂടിയ ഉപഭോഗമാണ് ബില്ല് കൂട്ടിയതെന്ന് വൈദ്യുതി കമ്പനി വിശദീകരണം. അതേസമയം, അമിതമായ വൈദ്യുതി ബില്‍ ലഭിച്ചതിനെത്തുടര്‍ന്ന് വ്യാപകമായ പരാതിയും പ്രതിഷേധവും ഉയരുന്നതിനിടെ പ്രശ്‌നത്തില്‍ ശൂറാ കൗണ്‍സില്‍ ഇടപെടുന്നു.
സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് ഈ വര്‍ഷം ജനുവരിയില്‍ സഊദിയില്‍ വൈദ്യുതി സബ്‌സിഡി എടുത്തുകളഞ്ഞത്. അന്നുമുതല്‍ ഇരട്ടിയിലേറെയാണ് വൈദ്യുതി ബില്‍ ഈടാക്കുന്നത്. 1000 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ 50 റിയാലുള്ളത് 180 റിയാലാണ് ഉയര്‍ത്തിയത്. ഒപ്പം നിശ്ചിത പരിധിക്കപ്പുറം ഉപയോഗിക്കുന്ന വൈദ്യുതിക്കും നിരക്ക് കൂടി. റമദാനും ചൂടും കൂടിയായതോടെ രാപ്പകല്‍ ഭേദമന്യേ ഉപഭോഗം കൂടി.
നിരക്ക് പരിഷ്‌കരണവും വേനല്‍ക്കാല ഉപഭോഗം കൂടിയതുമാണ് വൈദ്യുതി ബില്‍ തുക വര്‍ധിക്കുന്നതിന് പ്രധാന കാരണമെന്ന് സഊദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. വേനല്‍ക്കാലത്ത് എയര്‍ കണ്ടീഷനറുകളുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടാകും. വീടുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനവും എയര്‍ കണ്ടീഷനറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ബില്‍ തുകയില്‍ വിയോജിപ്പുകളുള്ളവര്‍ കമ്പനി കോള്‍ സെന്റര്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ ട്വിറ്റര്‍ അക്കൗണ്ട് വഴിയോ ബന്ധപ്പെടണമെന്ന് സഊദി ഇലക്ട്രിസിറ്റി കമ്പനി ആവശ്യപ്പെട്ടിരുന്നു.
ഇതോടെ കമ്പനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉപയോക്താക്കള്‍ വലിയ പ്രചാരണം നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശൂറാ കൗണ്‍സില്‍ പ്രശ്‌നത്തില്‍ ഇടെപെട്ടത് .ഇതു സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി അതോറിറ്റി ഗവര്‍ണര്‍ക്ക് കത്തയക്കുമെന്നും കൗണ്‍സിലിലെ സാമ്പത്തിക ഊര്‍ജ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാന്‍ അല്‍റാശിദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."