പുല്‍വാമ ആക്രമണത്തെത്തുടര്‍ന്ന് കശ്മീരില്‍ നിരോധിച്ച ജമാഅത്ത് യു.ഡി.എഫിനൊപ്പമെന്ന് രാഹുലിനോട് കെ.ടി ജലീല്‍; ജമാഅത്ത് ഇതുവരെ പിന്തുണച്ചത് എല്‍.ഡി.എഫിനെയായിരുന്നുവെന്ന് സോഷ്യല്‍മീഡിയ
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ യു.ഡി.എഫിനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ചൂണ്ടിക്കാട്ടി മന്ത്രി കെ.ടി ജലീല്‍. ജമാഅത്തിന്റെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു പിന്തുണ നല്‍കിയിരുന്നു. ജമാഅത്തിന്റെ പിന്തുണയോടെ വയനാട്ടില്‍ രാഹുല്‍ മല്‍സരിക്കുകയാണെങ്കില്‍ അത് ദേശീയരാഷ്ട്രീയത്തിന് തെറ്റായ സന്ദേശമാവും നല്‍കുകയെന്ന് ഇംഗ്ലീഷിലും മലയാളത്തിലുമായി ഇന്നലെയിട്ട പോസ്റ്റില്‍ ജലീല്‍ ആരോപിച്ചു. പുല്‍വാമാ ആക്രമണത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചിരുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസലാമിയുടെ ഭാഗമല്ല ജമ്മുകശ്മീര്‍ ജമാഅത്ത് എന്നിരിക്കെയാണ് ഇക്കാര്യം മറച്ചുവച്ച്, പുല്‍വാമാ ആക്രമണത്തെയും രാഹുലിനെയും ബന്ധപ്പെടുത്തിയുള്ള കെ.ടി ജലീലിന്റെ പോസ്റ്റ്. 'പുല്‍വാമാ ഭീകരാക്രമണത്തെത്തുടര്‍ന്നു നിരോധിക്കപ്പെട്ട സംഘടനയുടെ പിന്തുണയോടെ മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധി' എന്ന ആരോപണം സംഘ്പരിവാര്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുമെന്ന ലക്ഷ്യത്തോടെയാണ് ജലീല്‍ ഇംഗ്ലീഷില്‍ പോസ്റ്റിട്ടത് എന്നാണ് സൂചന.
അതേസമയം, മന്ത്രിയുടെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വന്‍ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും വഴിവച്ചു. ഇതുവരെ നടന്ന മിക്ക നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് പിന്തുണനല്‍കിയിരുന്നത് ഇടതുപക്ഷത്തിനായിരുന്നുവെന്ന് മന്ത്രിക്കറിയുമോയെന്ന് സോഷ്യല്‍മീഡിയ ചോദിച്ചു. ഇപ്പോഴാണ് കെ.ടി ജലീല്‍ ശരാശരി 'സൈബര്‍ സഖാവ്' ആയതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ജമ്മുകശ്മീര്‍ ജമാഅത്തിനെയും ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനെയും ബന്ധിപ്പിച്ച് നേരത്തെ വാര്‍ത്ത നല്‍കിയ റിപബ്ലിക് ചാനലിനെതിരെ ജമാഅത്തെ ഇസ്ലാമി നല്‍കിയ മാനനഷ്ടക്കേസില്‍ ചാനല്‍ നിരുപാധികം മാപ്പു പറഞ്ഞിരുന്നു. കശ്മീരിലെ സംഘടനയുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണ് ഇന്ത്യന്‍ ജമാഅത്തിന്റെ വാദമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പരാമര്‍ശത്തില്‍ 'പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ജി' എന്നു ട്രോള്‍ സഹിതം കഴിഞ്ഞദിവസം ജലീല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ? എന്നും ജലീല്‍ ചോദിച്ചിരുന്നു. ഇതോടെ മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പൊങ്കാല തന്നെ ഉണ്ടായി. മന്ത്രിയുടെ പോസ്റ്റ് വംശീയാധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പരാതിയും നല്‍കി. കോണ്‍ഗ്രസ്സിന്റെ സോഷ്യല്‍മീഡിയാ മുഖമായ വി.ടി ബല്‍റാം എം.എല്‍.എയും, മന്ത്രിയുടെ പോസ്റ്റ് വംശീയസ്വഭാവമാണുള്ളതെന്നു ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി ഇട്ട പോസ്റ്റിലാണ് ജമാഅത്തിനെയും രാഹുലിനെയും ബന്ധപ്പെടുത്തിയുള്ള മന്ത്രിയുടെ കുറിപ്പ്.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
(പ്രിയ രാഹുല്‍ജി, പുലിയെ നേരിടേണ്ടത് പുലിമടയില്‍ ചെന്നാണ്, അല്ലാതെ എലിയുടെ മാളത്തല്‍ ചെന്നല്ല. രാഷ്ട്രീയ ശക്തി കൊണ്ട് ബി.ജെ.പി ഉത്തേരേന്ത്യയില്‍ ഒരു പുലിയാണെങ്കില്‍ മലയാളക്കരയില്‍ വെറുമൊരു എലിയാണ്.
കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടു കൂടിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത് എന്ന കാര്യം താങ്കള്‍ക്ക് അറിയാമെന്ന് കരുതുന്നു. പൈശചികമായ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം റെയ്ഡ് ചെയ്യപ്പെട്ട ഒരേയൊരു മത സംഘടനാ ഓഫീസ് കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെതാണ്. ഈ സംഘടനയുടെ പേരിലുള്ള 'കാശ്മീര്‍' എന്ന പദം ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ട മുഖം വ്യഞ്ജിപ്പിക്കുന്നുണ്ടെന്ന് പറയട്ടെ. അവരുടെ യഥാര്‍ഥ മുഖം കാശ്മീരൊഴികെയുള്ള ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ മറച്ചു പിടിച്ചിരിക്കുകയാണെന്ന ആരോപണം കാലാകാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരാക്ഷേപം നിലനില്‍ക്കെ കേരളത്തില്‍ അവരുടെ പിന്തുണയോടെ അങ്ങയെപ്പോലുള്ള ഒരാള്‍ മത്സരിക്കുന്നത് രാഷ്ട്രത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക എന്ന് സൂചിപ്പിക്കട്ടെ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."