തൊഴില്‍ സംരക്ഷണം: ആധാരം എഴുത്തുകാര്‍ ഇന്ന് പണിമുടക്കും
തൊടുപുഴ: പരമ്പരാഗത തൊഴില്‍ മേഖലയായ ആധാരം എഴുത്ത് തൊഴിലിനെ തകര്‍ക്കുവാനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഡോക്ക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആധാരമെഴുത്തുകാര്‍ ഇന്ന് പണിമുടക്കും.
പുതിയ തീരുമാനം റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് യഥേഷ്ടം കൃത്രിമങ്ങള്‍ നടത്തുന്നതിന് അവസരം ഒരുക്കുമെന്ന് ആധാരം എഴുത്ത് അസ്സോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ ആറ് സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും.
തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ നടത്തുന്ന ധര്‍ണ ബി.ജെ. പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് അജിയും കാരിക്കോട് സബ് രജിസ്ട്രാര്‍ ഓഫിസിനുമുന്നില്‍ നടത്തുന്ന ധര്‍ണ ജില്ലാ പ്രസിഡന്റ് റ്റി. എസ് ഷംസുദ്ദീനും അറക്കുളത്തെ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് ടോമി ജോണും കട്ടപ്പനയില്‍ ജില്ലാ സെക്രട്ടറി പി അനൂപും മുണ്ടിയെരുമയില്‍ ഡോക്കുമെന്റ് ജേര്‍ണല്‍ ജില്ലാ റിപ്പോര്‍ട്ടര്‍ എ.വി ജയദേവനും രാജകുമാരിയില്‍ ജില്ലാ ട്രഷറര്‍ സന്തോഷ്‌കുമാറും ദേവികുളത്ത് നടത്തുന്ന ധര്‍ണ സംസ്ഥാന ഉപദേശ കസമിതി ബോര്‍ഡ് മെമ്പര്‍ മോഹന്‍ കല്ലാറും ഉദ്ഘാടനം ചെയ്യും.
സമരത്തിന്റെ രണ്ടാംഘട്ടമായി ജില്ലാ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ 20ന് രാവിലെ 11 മണിക്ക് തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടക്കും. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇന്ദു കലാധരന്‍, സംസ്ഥാന സെക്രട്ടറി അന്‍സാര്‍ കൊല്ലം തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റ്റി.എസ് ഷംസുന്‍, ജില്ലാ ഭാരവാഹികളായ ടോമി ജോണ്‍, ആര്‍ രജു, കെ.ജി ഷീല, പീറ്റര്‍ ഇഗ്‌നേഷ്യസ്, പി.കെ മനോജ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."