ജി.എസ്.ടി എന്ന വമ്പന്‍ പരാജയം
കൊട്ടും കുരവയുമായി ആഘോഷപൂര്‍വം എഴുന്നള്ളിച്ച ചരക്ക് സേവന നികുതി എന്ന ഒറ്റ നികുതി ഘടന വമ്പന്‍ പരാജയമായിരുന്നുവെന്ന് അതിന് ഒരു വയസ്സ് തികയുന്ന മുഹൂര്‍ത്തത്തില്‍ തന്നെ വെളിപ്പെട്ടിരിക്കുന്നു. ജി.എസ്.ടിക്ക് ഇന്നലെ ഒരു വയസ്സ് പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനായിരുന്നു അര്‍ധരാത്രിയില്‍ ജി.എസ്.ടിയുടെ പിറവി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യം 1947 ആഗസ്റ്റ് 15ന് അര്‍ധരാത്രിയില്‍ ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രഖ്യാപിച്ചതിനോട് തുലനം ചെയ്യാനായിരുന്നു സാമ്പത്തിക സ്വാതന്ത്ര്യമെന്ന ഓമനപ്പേരിട്ട് ഈ വമ്പന്‍ പരാജയത്തിന്റെ വിളംബരം നരേന്ദ്ര മോദി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നിര്‍വഹിച്ചത്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്തോട് വര്‍ഷങ്ങളായി നടത്തിയ സഹനസമരത്തിലൂടെ നേടിയെടുത്ത ഇന്ത്യന്‍ സ്വാതന്ത്ര്യമെവിടെ? 2004ല്‍ കോണ്‍ഗ്രസ് രൂപം നല്‍കിയ ചരക്ക് സേവന നികുതിയുടെ പിതൃത്വം തട്ടിയെടുത്ത ബി.ജെപി സര്‍ക്കാരിന്റെ സാമ്പത്തിക സ്വാതന്ത്ര്യം തകര്‍ന്ന് തരിപ്പണമായ ഏക നികുതി ഘടന എവിടെ? ഒരുവേള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും മഹാന്മാരായ സമര നേതാക്കളെയും താഴ്ത്തിക്കെട്ടാന്‍ കൂടിയായിരിക്കണം സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലാത്ത ബി.ജെ.പി ജി.എസ്.ടിയോട് സ്വാതന്ത്ര്യ ദിനത്തെ സാമ്യപ്പെടുത്തിയിട്ടുണ്ടാവുക.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി അന്ന് ജി.എസ്.ടിയെ നഖശിഖാന്തം എതിര്‍ത്തത് ജി.എസ്.ടി കോണ്‍ഗ്രസിന്റെ പുത്രനായതിനാലായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനു ജി.എസ്.ടിയുടെ പിതൃത്വം ഏറ്റെടുക്കാനും ജി.എസ്.ടി തങ്ങളുടെ സന്തതി എന്ന മട്ടില്‍ പ്രഖ്യാപനം നടത്തുവാനും യാതൊരു സങ്കോചവും ബി.ജെ.പി സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ ഉണ്ടായില്ല.
ജി.എസ്.ടി പിറവിയെ കഴിഞ്ഞവര്‍ഷം ആഘോഷപൂര്‍വം സ്വാഗതം ചെയ്തത് നമ്മുടെ ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ആയിരുന്നു. ജി.എസ്.ടി നിലവില്‍ വന്നാല്‍ സംസ്ഥാനം ഐശ്വര്യസമ്പൂര്‍ണമാകുന്നതും വില കുത്തനെ കുറയുമെന്നും പലവിധ നികുതിഭാരം കുറയുമെന്നും കേരളത്തില്‍ നികുതി വരുമാനം കുമിഞ്ഞുകൂടുമെന്നും സങ്കല്‍പസാമ്രാജ്യത്തിലെ രാജകുമാരനെപ്പോലെ മന്ത്രി തോമസ് ഐസക് സ്വപ്നം കണ്ടു ചിരിച്ചുല്ലസിച്ചു നടന്നു. ഇപ്പോള്‍ യാഥാര്‍ഥ്യം വെളിപ്പെട്ടപ്പോള്‍ തകര്‍ന്നടിഞ്ഞ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളില്‍ നോക്കി രാജകുമാരന്‍ തേങ്ങിക്കരഞ്ഞത് പോലെ ജി.എസ്.ടി പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്ന് വിലപിക്കുകയാണദ്ദേഹം.
ഒരു രാജ്യം ഒറ്റ നികുതി എന്ന മുദ്രാവാക്യവുമായി രംഗപ്രവേശനം ചെയ്ത ജി.എസ്.ടി വേണ്ടത്ര മുന്നൊരുക്കങ്ങളോ പഠനമോ ഇല്ലാതെയാണ് രാജ്യത്ത് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷം തന്നെ സാമ്പത്തിക വിദഗ്ധരും പല സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും മുന്നറിയിപ്പ് നല്‍കിയതാണ്. ചരിത്രപരമായ വിഡ്ഢിത്തം എന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജി.എസ്.ടിയെ വിശേഷിപ്പിച്ചത്. നമ്മുടെ ധനമന്ത്രി തോമസ് ഐസക് മാത്രമാണ് ഭാവനാ ലോകത്തിരുന്നു ജി.എസ്.ടിയെ വരവേറ്റത്.
ഇന്ത്യയുടെ സാമൂഹ്യവ്യവസ്ഥ പോലെ തന്നെ സാമ്പത്തികാവസ്ഥയും സങ്കീര്‍ണമാണ്. രണ്ടും പരസ്പര പൂരകവുമാണ്. ഈ യാഥാര്‍ഥ്യത്തെ അഭിമുഖീകരിച്ചുവേണമായിരുന്നു ജി.എസ്.ടി നടപ്പാക്കേണ്ടിയിരുന്നത്.
കവുങ്ങിനും തെങ്ങിനും ഒളപ്പ് പറ്റുകയില്ല എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമായി ജി.എസ്.ടി നടപ്പാക്കല്‍. കോര്‍പറേറ്റുകള്‍ക്കും ചെറുകിടക്കാര്‍ക്കും ഒരേ നികുതി ഏര്‍പ്പാടാക്കുക വഴി ചെറുകിട സംരംഭങ്ങളും വ്യവസായ സ്ഥാപനങ്ങളും തകര്‍ന്നു.
കോര്‍പറേറ്റുകള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന സോപ്പുപൊടിക്കും കുടില്‍ വ്യവസായം വഴി ഉല്‍പ്പാദിപ്പിക്കുന്ന ചെറുകിട സാധാരണക്കാരായ സംരംഭകര്‍ക്കും ഒരേ നികുതി ഏര്‍പ്പെടുത്തുമ്പോള്‍ എന്ത് സംഭവിക്കുമോ അതാണിപ്പോള്‍ രാജ്യത്ത് സംഭവിച്ചിരിക്കുന്നത്.
ചെറുകിട വ്യവസായ വാണിജ്യമെല്ലാം ഒരു വര്‍ഷം കൊണ്ട് തകര്‍ന്നു തരിപ്പണമായി. ചെറുകിട വ്യവസായ വാണിജ്യ സംരംഭങ്ങളെല്ലാം നടന്ന് വന്നിരുന്നത് നിയതമായൊരു ചട്ടക്കൂടിനകത്തായിരുന്നില്ല. സമഗ്രമായൊരു ചട്ടക്കൂട് ഉണ്ടാക്കുമ്പോള്‍ ചെറുകിട വ്യവസായ വാണിജ്യസ്ഥാപനങ്ങളെ എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടത് എന്നിടത്ത് ജി.എസ്.ടി ഒരു വന്‍ പരാജയമായി. ആയിരങ്ങളുടെ തൊഴിലും ചെറുകിട വ്യവസായ യൂനിറ്റുകളുമാണ് ഇതുവഴി തകര്‍ന്നത്.
വന്‍കിടക്കാര്‍ ജി.എസ്.ടി നികുതിയില്‍ നിന്നും സമര്‍ഥമായി ഊരിപ്പോരുന്നുമുണ്ട്. നികുതി ഏകീകരണത്തിലൂടെ വിലക്കുറവുണ്ടാകുമെന്ന പ്രചാരണം കള്ളമായിരുന്നു. വില കുറഞ്ഞില്ലെന്ന് മാത്രമല്ല പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്തു.
സാധാരണക്കാരന്റെ ജീവിതച്ചെലവ് ദുസ്സഹമാക്കിയ ജി.എസ്.ടി ഇതേ നിലയില്‍ തുടരുന്ന പക്ഷം അടുത്ത വാര്‍ഷിക ദിനത്തില്‍ ഈ നികുതി ഘടന സാധാരണക്കാരന്റെ ജീവതാളത്തെ തകര്‍ത്തെറിഞ്ഞിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."