സി.പി.ഐയെ മൂന്നാര്‍ തിരിഞ്ഞുകുത്തുന്നു
തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശക്തമായ നിലപാടുമായി സി.പി.ഐയും പാര്‍ട്ടി കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പും മുന്നോട്ടുപോകുമ്പോള്‍ മൂന്നാറുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നു.
മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ച പഴയ നിലപാടുകളും പാര്‍ട്ടി നടത്തിയ കൈയേറ്റങ്ങളുമാണ് സി.പി.ഐയെ പ്രതിരോധത്തിലാക്കുന്നത്. ഇതുസംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാവാത്ത അവസ്ഥയിലാണ് നേതാക്കള്‍.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ മൂന്നാര്‍ ദൗത്യം സി.പി.എമ്മിലെ ഔദ്യോഗിക പക്ഷവും സി.പി.ഐയും ചേര്‍ന്നാണ് പരാജയപ്പെടുത്തിയത്.
സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി സി.പി.ഐ നിര്‍മിച്ച ഓഫിസിനുനേരെ ഒഴിപ്പിക്കല്‍ നടപടി എത്തിയപ്പോഴാണ് പാര്‍ട്ടി മൂന്നാര്‍ ദൗത്യത്തിന് എതിരായത്. അന്ന് പാര്‍ട്ടി നേതാക്കള്‍ ശക്തമായ ഭാഷയിലാണ് ഒഴിപ്പിക്കല്‍ നടപടിക്കെതിരേ രംഗത്തെത്തിയത്. വീണ്ടും മൂന്നാര്‍ ചര്‍ച്ചയാകുന്ന സമയത്ത് പാര്‍ട്ടിയുടെ പഴയ നിലപാടുകളും ചര്‍ച്ചയിലേക്കു കടന്നുവരികയാണ്.
പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് അക്കാലത്ത് വി.എസിന്റെ പി.എ ആയിരുന്ന സുരേഷ് രംഗത്തുവന്നിട്ടുണ്ട്. അന്ന് മൂന്നാര്‍ ദൗത്യസംഘത്തെ ചവിട്ടിപ്പുറത്താക്കുന്ന കാര്യത്തില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കുകയായിരുന്നെന്നും അന്നത്തെ എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ അറിയാവുന്ന തന്നെക്കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നുമുള്ള സുരേഷിന്റെ പരാമര്‍ശം ചര്‍ച്ചയാകുകയാണ്.
തോട്ടം മേഖലയില്‍ കമ്പനികള്‍ അനധികൃതമായി കൈവശംവച്ച ഭൂമി കണ്ടെത്തുന്നതിനും തിരിച്ചെടുക്കുന്നതിനുമായി സ്‌പെഷല്‍ ഓഫിസറായി നിയോഗിക്കപ്പെട്ട ഡോ. രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയരുന്നുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്തുമാസം പിന്നിട്ടിട്ടും അതിന്‍മേല്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഇതുസംബന്ധിച്ച് റവന്യൂ മന്ത്രിയോ സി.പി.ഐയോ ഒന്നും പറയുന്നുമില്ല. ഈ നിലപാടിലെ വൈരുദ്ധ്യത്തെക്കുറിച്ചും പരക്കെ വിമര്‍ശനമുയരുന്നുണ്ട്. ഇതിനിടയില്‍ ചെറുതോണിയില്‍ കൈയേറ്റ ഭൂമിയില്‍ സി.പി.ഐ നിര്‍മിച്ച ഇടുക്കി മണ്ഡലം കമ്മിറ്റി ഓഫിസിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നിട്ടുമുണ്ട്.
ഇതെല്ലാം വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കെതിരേ വലിയതോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിടാന്‍ ഇടയുണ്ട്. മൂന്നാര്‍ വിഷയത്തില്‍ സി.പി.ഐ നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടുന്ന സി.പി.എം ഇവയില്‍ ചിലത് സി.പി.ഐക്കെതിരേ ആയുധമാക്കിയേക്കുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."