അഭിനയത്തട്ടിലെ അന്തര്‍നാടകങ്ങള്‍
എന്തിനും ഏതിനും സംഘടനകള്‍ നിറയുന്ന ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചുകേരളത്തില്‍ അഭിനയിക്കണമെങ്കിലും വേണം സംഘടന. അതില്ലെങ്കില്‍ അറിയപ്പെടാത്ത നടീനടന്‍മാരായി യവനികയ്ക്കുള്ളില്‍ മറയും. അന്തരിച്ച നടന്‍മാരായ മുരളിയും വേണുനാഗവള്ളിയും ചേര്‍ന്നാണ് താരങ്ങള്‍ക്കുള്ള സംഘടന അമ്മ രൂപീകരിച്ചത്. ആശയം പ്രബുദ്ധമായിരുന്നു. അഭിനേതാക്കളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുക, മറ്റ് സംഘടനകളുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുക, ശാരീരിക അസ്വസ്ഥത അനുഭവിക്കുന്നവരും വിരമിച്ചവരും ഏതെങ്കിലും തരത്തില്‍ പ്രയാസം നേരിടുന്നവര്‍ക്കുമൊക്കെ സാമ്പത്തിക സഹായം നല്‍കുന്നതുമൊക്കെയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങള്‍. മേല്‍പറഞ്ഞതില്‍ ഏതിനെങ്കിലും ശാശ്വത പരിഹാരം കാണാന്‍ അമ്മയ്ക്കായിട്ടുണ്ടോ എന്നത് മക്കളുടെ തന്നെ ചോദ്യമാണ്. അതുപ്രസക്തവുമാണ്.
ചെളിവാരിയേറ്
രാഷ്ട്രീയത്തില്‍ മാത്രമല്ല, ഏതു സംഘടനയിലും ചെളിവാരിയേറ് നടക്കാറുണ്ട്. വെള്ളിവെളിച്ചത്തിലുള്ളവരാണെന്നു കരുതി അമ്മയ്ക്കും മക്കള്‍ക്കും അതില്ലാതിരിക്കുമോ. അവരെറിയുമ്പോഴാകട്ടെ ചെളിക്ക് വാസന(നാറ്റം) ഏറും. അമ്മയില്‍ അംഗമായ യുവതിയെ അംഗമായ നടന്റെ ക്വട്ടേഷനനുസരിച്ച് സിനിമയെ വെല്ലുന്ന തരത്തില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതാണ് ഇപ്പോഴത്തെ ചെളിയഭിഷേകത്തിന് കാരണം. അമ്മയാവുമ്പോള്‍ മക്കള്‍ക്ക് ചെയ്യാം. അമ്മയ്ക്ക് നോവില്ലല്ലോ. തിരിച്ചും അങ്ങനെയാവണമെന്ന് അമ്മ ശഠിക്കുന്നു. നടനെ 2017 ജൂലൈ 11ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും നടി തന്റെ പരാതിയില്‍ ഉറച്ചു നില്‍ക്കുകയും കേസ് വിചാരണഘട്ടത്തിലേക്കു കടക്കുകയും ചെയ്യുന്നതിനിടെയാണ് അമ്മ മക്കള്‍ക്കിട്ട് താങ്ങിയത്. അമ്മയ്ക്ക് മക്കള്‍ മാത്രമല്ല, അയല്‍ക്കാരും ഉണ്ടെന്ന് അവര്‍ ഓര്‍ക്കേണ്ടിയിരുന്നു. കൂപമണ്ഡൂക ബുദ്ധി അതിന്റെ കേന്ദ്രം കൈയാളുന്നവര്‍ക്ക് ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ജനാധിപത്യവും നിയമപ്രശ്‌നവും അവര്‍ക്കറിയേണ്ട കാര്യമില്ലെന്ന ധാര്‍ഷ്ട്യമായിരിക്കാം. അതൊക്കെ അങ്ങു സിനിമയിലെന്നാണ് ഭാവം. നടിയെ അനുകൂലിച്ച് വനിതകളും യുവ പുരുഷ കേസരികളും അമ്മയെ നന്നാക്കാനുള്ള ശ്രമത്തിലാണ്. പണം കൊടുത്ത് അംഗത്വം വേണ്ട, അവസരങ്ങള്‍ നഷ്ടപ്പെടുത്തി, കിടക്ക പങ്കിടാന്‍ ക്ഷണിച്ചു അങ്ങനെയങ്ങനെ... ചെളിയിലേക്ക് കാല്‍ താണുപോകുകയാണ് അമ്മയുടെ. ഇതിലൊക്കെ വാസ്തവമുണ്ടെന്ന് പരാതികള്‍തന്നെ തെളിവ്.
അംഗത്വം തട്ടുകളില്‍
അമ്മയില്‍ അംഗത്വം എന്നു പറഞ്ഞാല്‍ സിനിമാ തിയറ്ററില്‍ കയറുന്നതുപോലെ തന്നെയാണ്. ബാല്‍ക്കണി, ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ്. അതായത്, ഓര്‍ഡിനറി മെംബര്‍, ലൈഫ് മെംബര്‍, ഓണററി മെംബര്‍. വലിയ പരിജ്ഞാനമില്ലാത്ത അഭിനേതാക്കളെന്നു വേണമെങ്കില്‍ വിളിക്കാം ഓര്‍ഡിനറി മെംബറിനെ. ലൈഫ് മെംബര്‍ സിനിമാ അഭിനയം ഒരു വര്‍ഷത്തില്‍ കുറയാതെ പൂര്‍ണ തോതില്‍ നടത്തുന്ന തൊഴിലാളി. ഇതിന് പ്രത്യേക ഫീസുണ്ട്. അതുകൊണ്ട് ഓര്‍ഡിനറിക്കാരന് ഒരു വര്‍ഷം തകര്‍ത്ത് അഭിനയിച്ചാലും പണമുണ്ടെങ്കിലേ ലൈഫ് അംഗത്വം കിട്ടൂ. ഓണററി മെംബര്‍ഷിപ്പ് അംഗീകാരങ്ങളും അവാര്‍ഡുകളും കിട്ടിയിട്ടുള്ളവരാണിവര്‍. ഇവര്‍ക്ക് സൗജന്യ അംഗത്വം. (നിലവില്‍ സൗജന്യ അംഗത്വമുള്ളവരുടെ മുഖം നിങ്ങളുടെ മനസില്‍ മിന്നിത്തെളിയുന്നുണ്ടാവും.) 485 പേരെയാണ് സംഘടന ഇങ്ങനെ തട്ടുകളിലാക്കി വിഭജിച്ചിരിക്കുന്നത്.
എന്നാല്‍, ഔദ്യോഗിക തീരുമാനത്തോട് ഈ അംഗങ്ങള്‍ക്കൊന്നും പ്രതികരിക്കാനാവില്ല. അവസരം ലഭിച്ചേക്കില്ല എന്ന വാള്‍ മുകളില്‍ തൂങ്ങുന്നിടത്തോളം പ്രതികരണശേഷി മരുന്നില്ലാതെ നശിപ്പിക്കാന്‍ വിധിക്കപ്പെട്ടവര്‍. ദിലീപിനെ തിരിച്ചെടുത്തത് ആരോടു ചോദിച്ചിട്ടെന്ന് അഭിനേത്രികള്‍ ചോദിച്ചപ്പോള്‍ പ്രസിഡന്റ് മോഹന്‍ലാലിന്റെ വചനം ശ്രദ്ധിച്ചോ. കൂട്ടായെടുത്ത തീരുമാനമായിരുന്നെന്ന്. ഇപ്പോള്‍ പ്രതികരിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നെന്ന അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ മറുപടി ലജ്ജയുണര്‍ത്തും. ദിലീപിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനിടെ മാധ്യമങ്ങളോടു തട്ടിക്കയറിയ ഇടതു എം.എല്‍.എമാരായ മുകേഷും ഗണേശനുമാണ് വൈസ് പ്രസിഡന്റുമാര്‍. ദിലീപിനെ എടുത്ത തീരുമാനം ഔദ്യോഗികമായിരുന്നെന്ന് പ്രസ്താവിച്ച ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച സിദ്ദിഖാണ് ജോയിന്റ് സെക്രട്ടറി. അപ്പോള്‍ തീരുമാനം കൂട്ടായിട്ടാണെന്ന് മനസിലായല്ലോ.
മുമ്പും പ്രശ്‌നങ്ങള്‍
ഇപ്പോള്‍ നടിയുടെ പരാതിയാണ് സിനിമയിലെ കള്ളനാണയങ്ങളുടെ തനിനിറം പുറത്തുകൊണ്ടുവന്നത്. മുമ്പും പലതരത്തിലുള്ള പ്രശ്‌നങ്ങളില്‍ ഗൂഢലക്ഷ്യത്തോടെ ഈ സംഘടനയിലെ ഉത്തരവാദിത്തപ്പെട്ട ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുകാണാം.
2010ല്‍ തിലകന്‍, തനിക്ക് അഭിനയാവസരം തടയാന്‍ അമ്മ ഗൂഢാലോചന നടത്തുന്നെന്ന് രേഖാമൂലം പരാതിപ്പെട്ടിരുന്നു. അന്തരിച്ച സുകുമാര്‍ അഴീക്കോടും, ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുമൊക്കെ തിലകന്റെ പക്ഷത്താണ്, ന്യായമാണെന്നു വാദിച്ചു. അമ്മ അതു തള്ളി. തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കി. ആ മഹാനടന്‍ മരിച്ചിട്ടും അന്തരിച്ച അംഗങ്ങളുടെ ലിസ്റ്റില്‍ പേരുചേര്‍ക്കാതെ നികൃഷ്ടവും ഭീബല്‍സവുമായ മുഖമാണ് സംഘടന അവരെ നിലനിര്‍ത്തുന്ന പൊതുജനത്തിന് നേരേ നീട്ടുന്നത്.
2017ല്‍ തന്റെ സിനിമകളില്‍ അഭിനേതാക്കളെ വിലക്കുന്നെന്നു കാട്ടി സംവിധായകന്‍ വിനയന്‍ കേന്ദ്ര കോമ്പറ്റീഷന്‍ കമ്മിഷനു പരാതി നല്‍കി. അമ്മയ്ക്കും ഫെഫ്കയ്ക്കും 11.25 ലക്ഷം രൂപയാണ് ഇതുമായി ബന്ധപ്പെട്ട് പിഴ വിധിക്കപ്പെട്ടത്.
സിനിമാക്കാരോട്
സിനിമാക്കാരാ... അവിടെ തിരശീലയില്‍ മിന്നുന്നതല്ല ജീവിതം. സഭ്യതയ്ക്ക് അതിരിട്ട് ജീവിക്കുന്ന പൊതുസമൂഹത്തിന്റെ മുന്‍പിലാണ് നടന്റെ അഴിഞ്ഞാട്ടത്തിന് ചൂട്ടുതെളിക്കുന്നതെന്ന് എ.എം.എം.എ ഓര്‍ക്കേണ്ടിയിരുന്നു. അഭിനേതാക്കളെയല്ല, നിങ്ങളഭിനയിച്ച കഥാപാത്രങ്ങളെയാണ് പൊതുജനം സ്‌നേഹിക്കുന്നത്.
ആ കഥാപാത്രം പോലെയാകാന്‍ ശ്രമിക്കുകയാണ് നിങ്ങളുടെ ഉത്തരവാദിത്തം. പൊതുജനത്തിന്റെ മേല്‍ കൈവയ്ക്കാന്‍ അറയ്ക്കാത്ത (കൊട്ടാരക്കര സംഭവം) എം.എല്‍.എ ഭരിക്കുന്ന ഈ പ്രസ്ഥാനത്തെ ജനങ്ങള്‍ നോക്കുന്നത് മൈക്രോസ്‌കോപ്പിലൂടെയാണ്. അവരുടെ പ്രതികരണം ഉണ്ടായെങ്കിലേ നന്നാവൂ എന്നാണെങ്കില്‍ ഇനി ഒരുങ്ങുന്നത് അതിനുള്ള അവസരം കൂടിയാണെന്ന് ഓര്‍മയുണ്ടായാല്‍ നന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."