ജെറ്റ് പറന്നുയരും: നരേഷ് ഗോയലും അനിത ഗോയലും രാജിവച്ചു, 1500 കോടി രൂപ നിക്ഷേപമെത്തും
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ ഉലഞ്ഞ ജെറ്റ് എയര്‍വേയ്‌സ് പറന്നുയരാനുള്ള ശേഷിയിലേക്ക് അടുക്കുന്നു. സ്ഥാപകനും ചെയര്‍മാനുമായ നരേഷ് ഗോയലും അദ്ദേഹത്തിന്റെ ഭാര്യ അനിത ഗോയലും ബോര്‍ഡ് അംഗത്വം രാജിവച്ചതോടെയാണ് പ്രതിസന്ധിക്ക് അയവുവരുന്ന നീക്കങ്ങള്‍ നടക്കുന്നത്.
റിപ്പോര്‍ട്ടിന് പിന്നാലെ എയര്‍ലൈനിന്റെ ഓഹരിവില ഉയര്‍ന്നു.
ഇതോടെ, 1500 കോടി രൂപയുടെ പുതിയ നിക്ഷേപമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന നിക്ഷേപനിധിയായ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍.ഐ.ഐ.എഫ്) ആണ് ഇത്രയും നിക്ഷേപം നടത്തി ഓഹരിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
രാജിവച്ചതോടെ, കമ്പനിയില്‍ നരേഷ് ഗോയലിന്റെയും അനിത ഗോയലിന്റെയും ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ നിന്ന് 25.5 ശതമാനമായി കുറയും. ജെറ്റിന്റെ ജോയ്ന്റ് പാര്‍ട്ണര്‍ ആയ എത്തിഹാദ് തങ്ങളുടെ 24 ശതമാനമുണ്ടായിരുന്ന ഓഹരിപങ്കാളിത്തം 12 ശതമാനമായി കുറച്ചു.
നിലവില്‍ ജെറ്റിന്റെ 50 ശതമാനത്തിലേറെ ഓഹരി എസ്.ബി.ഐ നയിക്കുന്ന ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ പക്കലാണ്.
തുടര്‍ച്ചയായ നാല് പാദങ്ങളില്‍ നഷ്ടം രേഖപ്പെടുത്തുകയും ഒരു വര്‍ഷത്തില്‍ 60 ശതമാനത്തിലേറെ ഓഹരിവിപണിയില്‍ തകര്‍ച്ച നേരിടുകയും ചെയ്തതോടെ ജെറ്റിന്റെ സാമ്പത്തിക ബാധ്യത ഉയരുകയായിരുന്നു. നിരവധി വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയും വായ്പ തിരിച്ചടവ് മുടക്കുകയും ചെയ്തതോടെ ബാങ്കുകളും ഓഹരിയുടമകളും ജെറ്റിനെ കരകയറ്റാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഗോയലിന്റെയും ഭാര്യയുടേയും രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."