ഇന്ത്യയില്‍ നിര്‍മിക്കുന്ന റിഫൈനറിയില്‍ സഊദി അരാംകോ 44 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
റിയാദ്: ഇന്ത്യയില്‍ നിര്‍മിക്കുന്ന ഭീമന്‍ റിഫൈനറിയില്‍ സഊദി അരാംകോ മുഖ്യ നിക്ഷേപം നടത്തും. വിവിധ ഇന്ത്യന്‍ എണ്ണകമ്പനികള്‍ പകുതി നിക്ഷേപം നടത്തുമ്പോള്‍ സഊദി അരാംകോ 44 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് പദ്ധതിയില്‍ ഇറക്കുക. സഊദി അരാംകോയോടൊപ്പം യു.എ.ഇയിലെ എണ്ണകമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി അഡ്‌നോക് ആണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് പുറമേ നിക്ഷേപം നടത്തുന്ന മറ്റൊരു പ്രമുഖ വിദേശ കമ്പനി.
മഹാരാഷ്ട്രയിലെ രത്‌നഗിരി കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങുന്ന ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ വെസ്റ്റ്‌കോസ്റ്റ് കമ്പനിക്ക് അരാംകോ, അഡ്‌നോക് എന്നീ കമ്പനികള്‍ നിക്ഷേപം ഇറക്കുമെന്ന് നേരത്തെ തന്നെ സഊദി ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതിയില്‍ അരാംകോ നിക്ഷേപകണക്കുകള്‍ പുറത്തു വന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലും പദ്ധതി തുടരുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹും ഇന്ത്യന്‍ പെട്രാേളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുപോവണമെന്ന് തീരുമാനിച്ചത്.
സഊദി അരാംകോ, അഡ്‌നോക് എന്നീ ഗള്‍ഫ് കമ്പനികള്‍ക്ക് പുറമെ ഇന്ത്യന്‍ ഭീമന്‍ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ 50 ശതമാനമാണ് മുതല്‍ മുടക്കുന്നത്. 44 ബില്യന്‍ ഡോാളര്‍ മുതല്‍ മുടക്കുന്ന സഊദി അരാംകോയായിരിക്കും ഏറ്റവും വലിയ മുതല്‍ ഇറക്കുന്നവര്‍. എണ്ണ, പ്രകൃതി വാതക രംഗത്തെ ഇന്ത്യസഊദി സഹകരണം ശക്തമാക്കാന്‍ പുതിയ റിഫൈനറി പദ്ധതി സഹായകമാവും. ഇന്ത്യക്ക് സൗദി അനുവദിക്കുന്ന ക്രൂഡ് ഓയില്‍, എല്‍.പി.ജി വിഹിതത്തില്‍ വര്‍ധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ചുള്ള പരിഗണന ലഭിക്കണമെന്നും സഊദി ഊര്‍ജ്ജ മന്ത്രിയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യസഊദി സഹകരണത്തില്‍ ആരംഭിക്കുന്ന റിഫൈനറി പദ്ധതി നടപ്പിലാക്കുന്നതിന് കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലും മറ്റും ഇന്ത്യയില്‍ വെച്ചും സഊദിയില്‍ വെച്ചും ഊര്‍ജ്ജമന്ത്രിമാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സഊദിക്ക് പുറത്തേക്ക് നിക്ഷേപം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയെ സഊദി തിരഞ്ഞെടുത്തത്. ഇന്ത്യക്ക് പുറമെ മറ്റു ചില ഏഷ്യന്‍ രാജ്യങ്ങളിലും സഊദി നിക്ഷേപത്തില്‍ എണ്ണ, പ്രകൃതി വാതക പദ്ധതികള്‍ വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."