ഡല്‍ഹിയിലെ ദുരൂഹ മരണം: സാത്താന്‍ സേവയെന്ന് സംശയം
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയെ സംഭവത്തിനു പിന്നില്‍ സാത്താന്‍ സേവയാണെന്ന് സംശയം. കുടുംബത്തിലെ ആരോ ഒരാള്‍ മറ്റുള്ളവരെയെല്ലാം കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണോ എന്ന് പൊലിസ് സംശയിച്ചിരുന്നു. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. മൂന്നു പെണ്‍കുട്ടികളുള്‍പ്പെടെ ഏഴ് സ്ത്രീകളും നാല് പുരുഷന്‍മാരുമാണ് മരിച്ചത്. പത്തുപേര്‍ തൂങ്ങിയും ഒരു സ്ത്രീ തറയില്‍ മരിച്ച നിലയിലുമാണുണ്ടായിരുന്നത്. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കിട്ടിയതായി റിപ്പോര്‍ട്ടുണ്ട്.
രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍നിന്ന് ഇരുപതുവര്‍ഷം മുമ്പാണ് ബുരാരിലെ സാന്ദ് നഗറിലെ ഇരുനില വീട്ടിലേക്ക് ഭാട്ടിയ കുടുംബം എത്തിയത്. പലചരക്ക് കടയും പ്ലൈവുഡ് വ്യാപാരവും നടത്തുന്നവരാണ് ഇവര്‍. മരിച്ചവരില്‍ മിക്കവരുടെയും കണ്ണും കൈകളും കെട്ടിയിട്ടുണ്ട്. കുടുംബം വളര്‍ത്തിയിരുന്ന നായ മാത്രമാണ് ജീവനോടെ ഉണ്ടായിരുന്നത്. എന്നാല്‍ വീട്ടില്‍ ഈ സംഭവങ്ങളെല്ലാം നടന്നിട്ടും നായ കുരയ്ക്കാതിരുന്നത് പൊലിസിന് സംശയത്തിനിടയാക്കിയിട്ടുണ്ട്. മരിച്ചവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നതും വീട് തുറന്നിട്ടതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.സാത്താന്‍ സേവയുമായി ബന്ധം തെളിയിക്കുന്ന കൈയെഴുത്ത് രേഖകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പൊലിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."