പെരുമ്പാവൂര്‍ പള്ളി: സമരത്തിന് ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ
കോട്ടയം: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ സുപ്രിം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പൊലീത്തായുടെ നേതൃത്വത്തില്‍ നടക്കുന്ന സഹനസമരത്തിന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സഭയുടെ കേന്ദ്ര നേതൃത്വത്തിന്റെയും ബന്ധപ്പെട്ട സമിതികളുടെയും സഹകരണത്തോടെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചു.
ഇന്ന് മുതല്‍ സഭയുടെ മറ്റ് മെത്രാപ്പൊലീത്തമാരുടെ സഹകരണത്തോടെ റിലേ സത്യഗ്രഹം ആരംഭിക്കും. എല്ലാ ഭദ്രാസനങ്ങളിലും ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലായി വൈദികരുടെയും ആത്മീയ സംഘടനകളുടെയും സഹകരണത്തോടെ വിശദീകരണ യോഗങ്ങള്‍ ചേര്‍ന്ന് ബോധവല്‍ക്കരണം നടത്തും. ഞായറാഴ്ച എല്ലാ പള്ളികളിലും കുര്‍ബാനയ്ക്ക് ശേഷം സഭയ്ക്കുണ്ടായ നീതിനിഷേധത്തെപ്പറ്റി വിശദീകരിക്കുവാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."