ഓള്‍വെയ്‌സ് ഹെഡ്‌ലാമ്പ് ഓണ്‍ മണ്ടന്‍ പരിഷ്‌കാരമെന്ന് ആക്ഷേപം
കോഴിക്കോട്: ഓള്‍വെയ്‌സ് ഹെഡ്‌ലാമ്പ് ഓണ്‍ അഥവാ (എ.എച്ച്. ഒ) സംവിധാനത്തിനെതിരേ പരക്കെ ആക്ഷേപം. റോഡു സുരക്ഷയുടെ ഭാഗമായി ഇരുചക്ര വാഹനങ്ങളിലെ ലൈറ്റുകള്‍ എപ്പോഴും ഓണ്‍ ചെയ്തിരിക്കണമെന്ന നിയമം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പുതുതായി നിരത്തിലിറങ്ങുന്ന വാഹനങ്ങളിലാണ് ഏര്‍പ്പെടുത്തിയത്.
2003ല്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പിലാക്കിയ നിയമം രാജ്യത്തും നടപ്പാക്കണമെന്ന് റോഡു സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നിയോഗിച്ച കമ്മിറ്റിയും ശുപാര്‍ശ ചെയ്തിരുന്നു. ഇതോടെയാണ് ഏപ്രില്‍ മുതല്‍ പുറത്തിറങ്ങിയ ഇരുചക്ര വാഹനങ്ങളില്‍ ഹെഡ്‌ലൈറ്റിന് സ്വിച്ചില്ലാതായത്. പഴയ വാഹനങ്ങളില്‍ സ്വിച്ച് സംവിധാനം തുടരുമെങ്കിലും അടുത്ത വര്‍ഷത്തോടെ പൂര്‍ണമായ തോതില്‍ നടപ്പാക്കാനാണ് നീക്കം. എന്‍ജിന്‍ സ്റ്റാര്‍ട്ടാവുമ്പോള്‍ ലൈറ്റ് ഓണാവുകയും രാവും പകലും വ്യത്യാസമില്ലാതെ കത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സംവിധാനമാണ് പുതിയവയ്ക്കുള്ളത്.
യൂറോപ്പിലെ ശൈത്യ കാലാവസ്ഥകളിലെ മൂടല്‍മഞ്ഞും മഴയും മങ്ങിയ കാലാവസ്ഥയുമൊക്കെ മാനിച്ച് നടപ്പാക്കിയ രീതി അതേപടി ഇവിടെയും അനുകരിക്കുന്നത് മണ്ടത്തരമാണെന്നാണ് പലയിടങ്ങളില്‍ നിന്നുമുള്ള ആക്ഷേപം. യൂറോപ്പില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന പ്രീമിയം ബൈക്കുകളില്‍ നേരത്തെ തന്നെ ഈ പ്രത്യേകത നിലവിലുണ്ട്. അവിടങ്ങളില്‍ പകല്‍ സമയം മാത്രം പ്രവൃത്തിക്കുന്ന ലൈറ്റുകളാണ് സംവിധാനിച്ചിരിക്കുന്നത്.
വേനല്‍ക്കാലത്തൊഴികെ ബാക്കി ഏതാണ്ടെല്ലാ സമയത്തും മഴയോ മഞ്ഞോ മൂലം ഒരു പരിധിക്കപ്പുറം കാഴ്ച്ച തടസ്സപ്പെടുന്ന സ്ഥിതിവിശേഷമാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഉള്ളത്. അതിനാല്‍ അവിടങ്ങളിലെ വാഹനങ്ങളില്‍ തീവ്രത കുറഞ്ഞ പകല്‍ ലൈറ്റ് സംവിധാനങ്ങളുണ്ട്. എന്നാല്‍ ഇവിടത്തെ കാലാവസ്ഥ ഇതുപോലെയല്ല.
സൂര്യപ്രകാശം നല്ല തോതില്‍ ലഭിക്കുന്ന പകല്‍വെളിച്ചം വേണ്ടുവോളമുള്ള റോഡുകളാണ് നമ്മുടെ നാട്ടില്‍ ഏറിയ പങ്കുമുള്ളത്. റോഡപകടങ്ങള്‍ കുറയ്ക്കണമെങ്കില്‍ നിലവിലെ റോഡു നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുകയും റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുകയുമാണ് വേണ്ടതെന്ന അഭിപ്രായവുമുണ്ട്. അണയാത്ത ലൈറ്റ് സംവിധാനം ഇരു ചക്രവാഹനങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും പറയപ്പെടുന്നു.
മാത്രമല്ല എന്‍ജിനോടു ചേര്‍ന്നുള്ള ഡൈനമോയില്‍ നിന്നുള്ള എ.സി വൈദ്യുതി സ്ഥിരമായി പ്രവര്‍ത്തിക്കുന്നതുമൂലം എന്‍ജിന്‍ ലോഡ് കൂടുകയും വാഹനത്തിന്റെ മൈലേജ് കുറയുകയും ചെയ്യുമെന്ന പ്രശനവുമുണ്ട്. ഇത്തരം തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ എന്തിനാണെന്ന ചോദ്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."