അവധി നല്‍കില്ലെന്ന് സ്വകാര്യ സ്‌കൂള്‍ ഫെഡറേഷന്‍
കണ്ണൂര്‍: അടുത്ത അധ്യയനവര്‍ഷം മുതല്‍ മഹാത്മാക്കളുടെ ജയന്തിദിനങ്ങളിലും കേരളത്തിലെ സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. തങ്ങളുടെ കീഴിലുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഓള്‍കേരളാ സെല്‍ഫ് ഫൈനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്റേതാണ് ഈ തീരുമാനം.
ഇന്നലെ കൊച്ചിയില്‍ നടന്ന യോഗത്തിലാണ് തീരുമാനമെന്ന് പ്രസിഡന്റ് രാമദാസ് കതിരൂര്‍ സുപ്രഭാതത്തോടു പറഞ്ഞു. അടുത്തവര്‍ഷം മുതല്‍ വേനല്‍ക്കാല അവധി രണ്ടുമാസത്തില്‍ നിന്ന് ഒരുമാസമായി ചുരുക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
ഓണത്തിനും ക്രിസ്മസിനും 10 ദിവസം വീതം അവധി നല്‍കുന്നത് ആഘോഷ ദിവസങ്ങളില്‍ മാത്രമായി ചുരുക്കും. മാസത്തിലെ ആദ്യത്തേയും അവസാനത്തേയും ശനിയാഴ്ച്ചകളിലും ഫെഡറേഷന്റെ കീഴിലുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാത്മാക്കളുടെ ജയന്തിദിനത്തില്‍ സ്‌കൂളുകളില്‍ പ്രത്യേകം അസംബ്ലി ചേര്‍ന്ന് അവരുടെ സ്മരണ പുതുക്കും. മഹാത്മാക്കള്‍ നാടിനു നല്‍കിയ സേവനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍കരിക്കും.
സംസ്ഥാനത്ത് നിലവില്‍ 190 അധ്യയന ദിവസമാണുള്ളത്. ഇതില്‍ 15 ദിവസമാണ് മഹാത്മാക്കളുടെ ജയന്തി ദിനത്തിലെ അവധി. സംസ്ഥാന, പ്രാദേശിക ഹര്‍ത്താലും പണിമുടക്കും കാരണം അധ്യയനവര്‍ഷത്തില്‍ 20 ദിവസം നഷ്ടമാകുന്നുണ്ട്.
മഹാത്മാക്കളുടെ ജയന്തി ദിനത്തിലും ശനിയാഴ്ച്ചകളിലും പ്രവൃത്തിച്ചാല്‍ 220 ദിനങ്ങള്‍ കിട്ടും. തമിഴ്‌നാട്ടില്‍ നിലവില്‍ അധ്യയനവര്‍ഷം 240 പ്രവൃത്തി ദിനങ്ങളുണ്ടെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ആഘോഷത്തിനു മുന്‍പ് പരീക്ഷ നടത്തി അധ്യാപകര്‍ക്കു മൂല്യനിര്‍ണയമടക്കം നടത്താനായിരുന്നു പത്തുദിവസം അവധി നല്‍കിയിരുന്നത്.
ഇപ്പോള്‍ അവധിക്കുശേഷം പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് ഈ അവധികളും ചുരുക്കുന്നത്.
അടുത്ത അധ്യയന വര്‍ഷത്തേക്കു ഫെഡറേഷന്‍ നേതൃത്വത്തില്‍ അക്കാദമിക് കലണ്ടറും തയറാക്കുമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."