കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ ഇന്നുമുതല്‍ പ്രവര്‍ത്തന സജ്ജമാകും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ഇന്നുമുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും. ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം 22ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞെങ്കിലും ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പൂര്‍ണമായി തുറന്നുകൊടുത്തിരുന്നില്ല. കസ്റ്റംസ്, എമിഗ്രേഷന്‍ കൗണ്ടറുകള്‍ പഴയ ടെര്‍മിനലില്‍നിന്നും പുതിയതിലേക്ക് മാറ്റിസ്ഥാപിക്കാത്തതിനാലായിരുന്നു ഇത്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയായതോടെയാണ് യാത്രക്കാര്‍ക്കായി ടെര്‍മിനല്‍ ഇന്നുമുതല്‍ പൂര്‍ണമായി തുറന്നുകൊടുക്കുന്നത്.
ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രാജ്യാന്തര യാത്രക്കാരെല്ലാം പുതിയ ടെര്‍മിനല്‍ വഴിയാകും പുറത്തിറങ്ങുക. എയര്‍പോര്‍ട്ട് അതോറിറ്റി ചെന്നൈയിലെ റീജ്യനല്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വൈകുന്നേരമാണ് ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക. ഇതോടെ നിലവിലുള്ള ആഗമന ഹാള്‍ ഇനിമുതല്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് പുറപ്പെടാനുള്ളതായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."