മുഖ്യമന്ത്രിയുമായി ടി.പി കേസ് പ്രതികള്‍ കൂടിക്കാഴ്ച നടത്തി
കണ്ണൂര്‍: പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ടി.പി കേസ് പ്രതികളായ ടി.കെ രജീഷ്, കെ.സി രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മുപ്പതോളം തടവുകാര്‍ മുഖ്യമന്ത്രിക്കു മുന്‍പില്‍ നിവേദനവുമായി എത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു തടവുകാരുടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
ജയിലില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരമുണ്ടാകുമെന്ന് ജയില്‍വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിവേദനം നല്‍കാന്‍ എത്തിയത്. ഉടന്‍ തീരുമാനമെടുക്കേണ്ടതും ഗൗരവതരമായി പരിഗണിക്കേണ്ടതും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളും തടവുകാരില്‍ നിന്ന് നിവേദനമായി ലഭിച്ചതായി മുഖ്യമന്ത്രി ഉദ്ഘാടനം പ്രസംഗത്തില്‍ വ്യക്തമാക്കി.
തടവുകാര്‍ നിവേദനം നല്‍കിയതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം പരസ്പരം അഭിവാദ്യം ചെയ്‌തെങ്കിലും ടി.പി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മറ്റൊരു പ്രതി പി.കെ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കാന്‍ എത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."