ജയിലുകള്‍ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രങ്ങളാകണം: മുഖ്യമന്ത്രി
കണ്ണൂര്‍: കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള പരിഷ്‌കരണം ജയിലുകളിലും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യാവകാശത്തിനു പ്രാധാന്യം കല്‍പ്പിച്ചുള്ള താമസ സ്ഥലമായി ജയിലുകള്‍ മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജയിലുകള്‍ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘന കേന്ദ്രമായി മാറിയ കാലം മാറിയിട്ടുണ്ട്.
കുറ്റകൃത്യങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അതോടൊപ്പം ശിക്ഷിക്കപ്പെട്ടവരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത് രണ്ടും ഒരേഘട്ടത്തില്‍ തന്നെ തുല്യപ്രാധാന്യത്തില്‍ തന്നെ നടപ്പാക്കുകയാണു സര്‍ക്കാര്‍. കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കപ്പെടുന്നവര്‍ ജയില്‍വാസം കഴിയുമ്പോഴേക്കും മാനസാന്തരത്തിനു വിധേയരാകണം എന്ന കാഴചപ്പാടാണു സര്‍ക്കാരിന്.
ഈ ലക്ഷ്യത്തോടെയാണു വകുപ്പിന്റെ പേരില്‍ തന്നെ മാറ്റംവന്നത്. ആദ്യം പ്രിസണ്‍ ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു. ഇപ്പോഴത് പ്രിസണ്‍ ആന്‍ഡ് കറക്ഷനല്‍ അഡ്മിനിസ്‌ട്രേഷനല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നാണ്. തിരുത്തിയെടുക്കാനുള്ള വകുപ്പ് കൂടിയാണ് എന്നൊരു കാഴ്ചപ്പാടാണിത്. കുറ്റവാളികളെ മാനസിക പരിവര്‍ത്തനത്തിനു വിധേയരാക്കാന്‍ കഴിഞ്ഞാല്‍ അത് സമൂഹത്തിന് ഏറെ ഗുണകരമാകും.
കുറ്റവാളികളെ കൊടും കുറ്റവാളികളായി മാറ്റിത്തീര്‍ക്കുന്ന സമീപനം ഉണ്ടാകരുത്. ഇതിനു വിരുദ്ധമായ കാര്യങ്ങള്‍ എവിടെയെങ്കിലും സംഭവിച്ചാല്‍ അതിനോട് ഒരുതരത്തിലുള്ള മൃദുസമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."