കടല്‍ സുരക്ഷാ സേന: പദ്ധതി പാഴാകുമെന്ന് സൂചന
മലപ്പുറം: മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം നല്കി കടലിലെ സുരക്ഷയ്ക്കായി നിയോഗിക്കാനുള്ള പദ്ധതി പാഴായേക്കും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതി ഒട്ടും പ്രായോഗികമല്ലെന്ന് മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് 300 പേരെ പരിശീലിപ്പിച്ചെടുത്ത് കടലിലെ സുരക്ഷക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ നിയോഗിക്കുന്നതിനുള്ള പദ്ധതിയാണിത്. മത്സ്യബന്ധനത്തില്‍ അഞ്ച് വര്‍ഷമെങ്കിലും പരിചയമുള്ളവരെയായിരിക്കും ഇതിനു നിയോഗിക്കുക. ആദ്യ ഘട്ടത്തില്‍ 90 പേര്‍ക്കു പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലന ചുമതല ഒരു ദേശീയ ഏജന്‍സിയെ ഏല്പിക്കാനാണ് തീരുമാനം.
ഇങ്ങനെ പരിശീലനം നേടുന്നവര്‍ക്ക് സ്ഥിരനിയമനം നല്‍കില്ല. ആവശ്യം വരുമ്പോള്‍ വിളിച്ചുവരുത്തി സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയോഗിക്കുകയായിരിക്കും ചെയ്യുക. എന്നാല്‍ ഏത് ഏജന്‍സിയെയാണ് പരിശീലനത്തിനു ചുമതലപ്പെടുത്തുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ആര്‍ക്കോ താല്പര്യമുള്ള ഏതോ ഒരു സ്ഥാപനത്തിന് ഓഖി ഫണ്ടില്‍ നിന്ന് വലിയൊരു തുക നല്‍കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നതായി മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ പറയുന്നു. സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനത്തിന് കേരളത്തില്‍ തന്നെ സൗകര്യമുണ്ടെന്നും അതിനു പുറത്തു നിന്ന് ഏജന്‍സിയെ കൊണ്ടുവരേണ്ടതില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പരിശീലനം നേടുന്നവരെ ദിവസക്കൂലിക്കു നിയോഗിക്കുന്നത് പദ്ധതിയുടെ പ്രധാന തകരാറായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വല്ലപ്പോഴും ലഭിക്കുന്ന തൊഴിലിനായി മത്സ്യത്തൊഴിലാളികള്‍ കാത്തിരിക്കുകയില്ല. സീസണുകള്‍ക്കനുസരിച്ച് മറ്റു ജില്ലകളിലേക്കും ചിലപ്പോള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കുമൊക്കെ പോകുന്നവരാണ് മത്സ്യബന്ധന തൊഴിലാളികള്‍. ഇങ്ങനെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നവരെ കടല്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിളിച്ചാലുടന്‍ കിട്ടിക്കൊള്ളണമെന്നില്ല.
കടല്സുരക്ഷയെക്കുറിച്ച് നല്ല അറിവുള്ള മത്സ്യത്തൊഴിലാളികള്‍ കേരളത്തില്‍ നിരവധിയുണ്ട്. യഥാര്‍ഥത്തിലുള്ള കടല്‍ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത്തരക്കാരില്‍ നിന്ന് മികവുളളവരെ കണ്ടെത്തി കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സ്ഥിരനിയമനം നല്‍കുകയാണ് വേണ്ടതെന്നും അല്ലാതെ വന്‍തുക ചെലവഴിച്ചുള്ള ഈ പദ്ധതി ഫലം കാണില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."