തെലങ്കാനയില്‍ മുസ്‌ലിം സംവരണം വര്‍ധിപ്പിച്ചു
ബില്ലിനെതിരേ പ്രതിഷേധിച്ച അഞ്ച് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍
ഹൈദരാബാദ്: മുസ്‌ലിംകള്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും സംവരണം വര്‍ധിപ്പിച്ചു കൊണ്ടുള്ള ബില്‍ തെലങ്കാന നിയമസഭ പാസാക്കി. ബി.ജെ.പിയുടെ ശക്തമായ പ്രതിഷേധത്തിനിടെ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചു കൂട്ടിയാണ് ബില്‍ പാസാക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ച് ബി.ജെ.പി എം.എല്‍.എ മാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പുതിയ ബില്ലനുസരിച്ച് ഇനി മുതല്‍ മുസ്‌ലിം മതവിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള സംവരണം നാലില്‍ നിന്ന് 12 ശതമാനമാകും. പിന്നോക്കവിഭാഗക്കാരുടേത് ആറില്‍ നിന്ന് 10 ശതമാനമായും വര്‍ധിക്കും. അധികാരത്തിലെത്തിയാല്‍ മുസ്‌ലിംകള്‍ക്കും പിന്നോക്കവിഭാഗക്കാര്‍ക്കുമുള്ള സംവരണം 12 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നതായിരുന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. പിന്നോക്ക വിഭാഗ, പട്ടികജാതി, പട്ടികവര്‍ഗ ബില്‍ 2017 എന്നാണ് ബില്ലിന്റെ പേര്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
ബില്ലിനെതിരേ പ്രതിഷേധിച്ച ജി.കിഷന്‍ റെഡ്ഡി, കെ.ലക്ഷ്മണ്‍, രാജാ സിങ്, എന്‍.വി.എസ്.എസ് പ്രഭാകര്‍, ചിന്താല രാമചന്ദ്ര റെഡ്ഡി എന്നിവരാണ് സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരേ കോടതിയില്‍ പോകുമെന്നുമായിരുന്നു ബി.ജെ.പിയുടെ ഭീഷണി. പട്ടികവിഭാഗങ്ങളുടെ സംവരണം വര്‍ധിപ്പിച്ചതിനെ അംഗീകരിക്കുന്നതായും എന്നാല്‍ മുസ്‌ലിം വിഭാഗക്കാര്‍ക്ക് സംവരണം വര്‍ധിപ്പിച്ചതിനോട് അനുകൂലിക്കാനാവില്ലെന്നും ബി.ജെ.പി എം.എല്‍.എ മാര്‍ പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഒരാളായ കെ.ലക്ഷ്മണ്‍ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം തങ്ങള്‍ പുറത്തുകൊണ്ടു വരുമെന്ന് വെല്ലുവിളിച്ചാണ് സഭയില്‍ നിന്ന് പുറത്തുപോയത്. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് സംവരണം കൊടുക്കുന്നതില്‍ സര്‍ക്കാര്‍ നിശബ്ദമാണെന്നും പകരം മതാടിസ്ഥാനത്തിലാണ് സംവരണം നല്‍കുന്നതെന്നും പറഞ്ഞ ലക്ഷ്മണ്‍ ഇക്കാര്യം പറഞ്ഞതിനാണ് തങ്ങളെ പുറത്താക്കിയതെന്ന് പിന്നീട് എ.എന്‍.ഐ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. തെലങ്കാന സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു കിഷന്‍ റെഡ്ഡിയുടെ ആരോപണം.
മതാടിസ്ഥാനത്തിലുളള സംവരണം മറ്റൊരു പാകിസ്താനെ സൃഷ്ടിക്കാനേ ഉതകൂ എന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബി.ജെ.പി മതാടിസ്ഥാനത്തില്‍ കാണുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും തെലങ്കാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ മൊഹമദ് അലി ഷബീറിന്റെ പ്രതികരണം.
ഗുജറാത്തില്‍ പട്ടേല്‍ വിഭാഗത്തില്‍ പെട്ടവരുടെ സംവരണം 10 ശതമാനമാക്കിയ ബി.ജെ.പി അതിനെ മതപരമായ സംവരണമായി കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."