കെ.എന്‍.എം വീണ്ടും പിളര്‍പ്പിലേക്ക് സി.പി ഉമര്‍ സുല്ലമിയെ പുറത്താക്കി
കോഴിക്കോട്: മുജാഹിദ് പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമിയെ സ്ഥാനത്തുനിന്ന് നീക്കി. കെ.ജെ.യു സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിക്കെതിരേയും നടപടിയുണ്ട്. ഇതോടെ കെ.എന്‍.എമ്മില്‍ വീണ്ടും പിളര്‍പ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന നേതൃയോഗമാണ് ഇരുവരെയും സ്ഥാനത്തുനിന്ന്‌നീക്കിയത്. ടി.പി അബ്ദുല്ലക്കോയ മദനിയും ഹുസൈന്‍ മടവൂരും നേതൃത്വം നല്‍കുന്ന കെ.എന്‍.എമ്മിന്റെ പല നിലപാടുകളെയും ഇവര്‍ എതിര്‍ത്തിരുന്നു. ലയനത്തിന് മുന്‍പ് നിലവിലുണ്ടായിരുന്ന ഐ.എസ്.എം (മര്‍ക്കസുദ്ദഅ്‌വ) പുനരുജ്ജീവിപ്പിച്ച് നടന്നുവന്ന വിമതപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ഉമര്‍ സുല്ലമിയാണ്. സംസ്ഥാനത്തെ മുജാഹിദിലെ ഏറ്റവും തലമുതിര്‍ന്ന നേതാവായി അറിയപ്പെടുന്ന ഉമര്‍ സുല്ലമി നേരത്തെ മടവൂര്‍ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ലയന ശേഷമാണ് പണ്ഡിത സംഘടനയായ കെ.ജെ.യുവിന്റെ വര്‍ക്കിങ് പ്രസിഡന്റായത്.
ഇരുവിഭാഗങ്ങള്‍ ഒരുമിച്ച് ഏറെക്കഴിയുന്നതിന് മുന്‍പേ സംഘടനയില്‍ വിഭാഗീയത ശക്തമായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ വേങ്ങരയില്‍ നടന്ന സംസ്ഥാന സമ്മേളനത്തോടെ ഭിന്നത രൂക്ഷമായി.
പഴയ മടവൂര്‍ വിഭാഗത്തിലെ ഭൂരിഭാഗം പ്രവര്‍ത്തകരും സി.പി ഉമര്‍ സുല്ലമിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിലേക്ക് മാറി. നേതൃത്വത്തെ വെല്ലുവിളിച്ച് ഇവര്‍ കഴിഞ്ഞ ജനുവരിയില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച കാംപയിന്‍ ഉദ്ഘാടനം ചെയ്തത് ഉമര്‍ സുല്ലമിയായിരുന്നു. എന്നാല്‍ ഹുസൈന്‍ മടവൂര്‍ ഇവരെ തള്ളിപ്പറഞ്ഞ് ടി.പി അബ്ദുല്ലക്കോയ മദനിക്കൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ യുവനേതാക്കളില്‍ പലരും മടവൂരിനെതിരേ രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."