എക്‌സൈസ് വകുപ്പ് കോടികള്‍ ചെലവിട്ട് നടപ്പാക്കിയ വിമുക്തി പദ്ധതി പാളി
തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി എക്‌സൈസ് വകുപ്പ് കോടികള്‍ ചെലവിട്ട് തുടങ്ങിയ വിമുക്തി പദ്ധതി പാളി. പദ്ധതി തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ലഹരി ഉപയോഗം കുറഞ്ഞില്ലെന്ന് മാത്രമല്ല ക്രമാതീതമായി വര്‍ധിക്കുകയാണ് ചെയ്തത്.
2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തുടങ്ങിയ പദ്ധതിയാണ് വിമുക്തി. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം നിയന്ത്രിക്കാനായി തുടങ്ങിയ പദ്ധതിക്കായി കഴിഞ്ഞ നാലു വര്‍ഷം കോടികളാണ് ചെലവിട്ടത്. 2015- 16.85 ലക്ഷം, 2016- 175.91 കോടി, 2017-183.45 കോടി, 2018-19 11.46 കോടി രൂപ എന്നിങ്ങനെയാണ് ചെലവിട്ടത്. ഡി അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം, സ്‌കൂളുകളിലും കോളജുകളിലുമുളള ബോധവല്‍കരണം, മാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പരിപാടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണമെല്ലാം ചെലവിടുന്നതെന്നാണ് വിശദീകരണം.
പദ്ധതിയിലൂടെ ലഹരി വിമുക്തി നേടിയവര്‍ എത്രയെന്ന കണക്ക് ചോദിക്കുമ്പോള്‍ എക്‌സൈസ് വകുപ്പ് കൈമലര്‍ത്തുന്നു. എന്നാല്‍, പുതു തലമുറയിലെ പ്രത്യേകിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗത്തിന്റെ തോത് കുറയ്ക്കാന്‍ വിമുക്തി പദ്ധതി വഴി സാധിച്ചെന്നാണ് എക്‌സൈസ് വകുപ്പിന്റെ അവകാശവാദം. വിവിധ ജില്ലകളിലെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ ഇത്തരത്തിലുളള 3,332 പേര്‍ക്ക് ചികിത്സ നല്‍കിയെന്നും വകുപ്പ് പറയുന്നു.
വന്‍തുക മുടക്കി ബസുകളടക്കം വാഹനങ്ങളും വാങ്ങി ഇത്രത്തോളം പണം ചെലവഴിച്ചിട്ടും കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും വില്‍പനയോ ഉപയോഗമോ കുറഞ്ഞില്ലെന്നു മാത്രമല്ല വന്‍തോതില്‍ ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, എക്‌സൈസ് റെയ്ഞ്ച് ഓഫിസുകള്‍ ഒരു ദിവസം 250 ഗ്രാം കഞ്ചാവെങ്കിലും പിടിക്കണമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുന്നത്.
കോടികള്‍ വിമുക്തി പദ്ധതിയുടെ പേരില്‍ പൊട്ടിക്കുമ്പോള്‍ കഞ്ചാവ് കടത്ത് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പടികൂടാന്‍ എക്‌സൈസില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാതെ സര്‍ക്കാര്‍ മലക്കം മറിയുന്നു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ഈ മലക്കം മറിച്ചില്‍. എക്‌സൈസിന് പ്രത്യേകമായി ക്രൈംബ്രാഞ്ച് വേണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുന്നത് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടിയിരിക്കുകയാണ്.
3,200 പേരാണ് എക്‌സൈസില്‍ ഫീല്‍ഡ് ജീവനക്കാരായി ഉള്ളത്. കേരളത്തില്‍ ആകെയുള്ളത് 138 എക്‌സൈസ് റെയ്ഞ്ച് ഓഫിസുകള്‍.
എക്‌സൈസുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് ഏറ്റവും താഴേതട്ടില്‍ പ്രവര്‍ത്തിക്കുന്ന റെയ്ഞ്ച് ഓഫിസുകളിലുള്ളത് റെയ്ഞ്ചിന്റെ ചുമതലയുള്ള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 15ല്‍ താഴെ ഉദ്യോഗസ്ഥര്‍ മാത്രമാണ്. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറാന്‍ ഒരു ജില്ലയിലുള്ളത് അഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാര്‍ മാത്രം. റെയ്ഞ്ചിന്റെ ചുമതലയുള്ള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് താഴെയുള്ള അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെ 86 തസ്തിക ഒഴിഞ്ഞും കിടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."