ഈ ശീലങ്ങള്‍ നമുക്ക് മാറ്റാനാകില്ലേ...
കൊറോണക്കാലം നിരവധി ചിന്തകളും അനുഭവങ്ങളും നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് വിവാഹവുമായി ബന്ധപ്പെട്ടത്. ഏറ്റവും ലളിതമായി വിവാഹം എങ്ങനെ നടത്താമെന്ന് നമുക്ക് കെവിഡ് കാലം കാണിച്ചു തന്നു. ചുറ്റും എത്രയോ ദരിദ്ര വീട്ടുകാര്‍ താമസിക്കുന്നുണ്ട്. വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഭാരിച്ച ചെലവു വരുന്നതിനാല്‍ അവര്‍ക്കിതൊന്നും താങ്ങാന്‍ സാധിക്കുന്നില്ല. ധൂര്‍ത്തന്മാര്‍ക്കിടയില്‍ കണ്ണ് ഉള്ളിലേക്ക് തള്ളി നെടുവീര്‍പ്പിട്ടു കഴിയുന്ന ഗൃഹനാഥരുടെ നെഞ്ചില്‍ കനലുകള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണെങ്ങും.
ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വെള്ളിയാഴ്ച പള്ളിയില്‍ മധ്യവയസ്‌കന്‍ കേറിവന്നു. വികലാംഗനാണയാള്‍. പോരെങ്കില്‍ കണ്ണ് കാണാത്തവരും. ഇമാം സലാം വീട്ടിയ ഉടനെ അയാള്‍ ഇങ്ങനെ പറഞ്ഞു: 'ഹേയ് കണ്ണിന് കാഴ്ചയില്ല. സഹായിക്കണം. വീട്ടില്‍ അഞ്ചു പെണ്‍കുട്ടികളുണ്ട്. മൂത്തമകളുടെ നിക്കാഹ് കഴിഞ്ഞിട്ട് എട്ട് മാസമായി. ഇറക്കിവിടാന്‍ എന്റെ കൈയില്‍ ഒന്നുമില്ല. ഇതിന്നാഗ്രഹിച്ചിട്ടല്ല ഇറങ്ങിപ്പുറപ്പെട്ടത്. നിവൃത്തിയില്ലാഞ്ഞിട്ടാണ്'. ഇതായിരുന്നു അയാളുടെ വാക്കുകള്‍. നിസ്‌കാര ശേഷമുള്ള പ്രാര്‍ഥനകളും ദിക്‌റുകളും കഴിഞ്ഞു പുറത്തിറങ്ങുന്നവരുടെ കൂട്ടത്തില്‍ തപ്പിത്തടഞ്ഞു അദ്ദേഹവുമുണ്ടായിരുന്നു. പള്ളിയുടെ ഉമ്മറത്തിരുന്ന അയാള്‍ മുകളില്‍ പറഞ്ഞതു വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ ഇങ്ങനെയും പറഞ്ഞു: 'മുപ്പതുപവനും ഒന്നരലക്ഷവുമാണ് നല്‍കാമെന്നേറ്റത്'. പള്ളിയില്‍നിന്ന് പുറത്തുവരുന്നവരെ പ്രതീക്ഷയോടെ കാത്തുനിന്ന അയാള്‍ക്ക് ചിലര്‍ നാണയത്തുട്ടുകള്‍ നല്‍കി. വിവാഹം നിശ്ചയിച്ചതിനു ശേഷം എട്ട് മാസത്തോളമായി അയാള്‍ പള്ളികളില്‍ കയറിയിറങ്ങുന്നു. മകളുടെ വിവാഹത്തിന്നാവശ്യമായതൊക്കെ ജനങ്ങളില്‍നിന്ന് ലഭിക്കുമെന്ന് ഏറെ പ്രതീക്ഷയോടെയാണ് അയാള്‍ ഇതിനു ഇറങ്ങിത്തിരിച്ചത്. പള്ളികളില്‍ കയറിയിറങ്ങിയ ആ മധ്യവയസ്‌കന്റെ രൂപവും ഭാവവും ഏറെ നാള്‍ എന്റെ മനസില്‍ തങ്ങിനിന്നു. ഇങ്ങനെ നിരവധി സംഭവങ്ങള്‍ നമുക്കൊക്കെ അനുഭവത്തിലുണ്ട്. കരളലയിപ്പിക്കുന്ന രംഗങ്ങളായി...
ഇസ്‌ലാമില്‍ വിവാഹം പവിത്രവും ലളിതവുമാണ്. ഒരാണില്‍നിന്നും പെണ്ണില്‍നിന്നും ധാരാളം മനുഷ്യരെ സൃഷ്ടിച്ച അല്ലാഹു അവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിലൂടെ പുതുതലമുറയെ വാര്‍ത്തെടുക്കുന്ന വ്യവസ്ഥ നിശ്ചയിച്ചു. അതിനാവശ്യമായ പരസ്പരാകര്‍ഷണം അവരില്‍ നിക്ഷേപിക്കുകയും ഭൂമിയിലെ മനുഷ്യ വംശത്തിന്റെ നിലനില്‍പ്പിന്നാധാരമാക്കിയ ലൈംഗികബന്ധത്തെ പരിശുദ്ധവും പരിപാവനവുമായി നിശ്ചയിച്ചു. അത് നിലനിര്‍ത്താന്‍ അക്കാര്യം സദാചാരത്തിന്റെ ഗണത്തില്‍പെടുത്തുകയും പെരുമാറ്റച്ചട്ടം നിശ്ചയിക്കുകയും ചെയ്തു. വസ്ത്ര ധാരണത്തിലും നോട്ടത്തിലും സ്ത്രീ, പുരുഷ ഇടപെടലുകളിലും അതിര്‍വരമ്പുകള്‍ നിശ്ചയിച്ചു. വിവാഹത്തിലൂടെ ലൈംഗിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് പുണ്യകരമായ ആരാധനയായി പ്രഖ്യാപിച്ചു. വിവാഹേതര ബന്ധങ്ങള്‍ കുറ്റകരവും കഠിന ശിക്ഷയ്ക്ക് കാരണമാകുന്ന പാപവുമായി നിശ്ചയിച്ചു. അതുമാത്രമല്ല, കുടുംബത്തിന്റെ ധാര്‍മിക ശുദ്ധിയും വ്യക്തിയുടെ സ്വഭാവശുദ്ധിയും സമൂഹത്തിന്റെ സാംസ്‌കാരിക ശുദ്ധിയുമാണ് വിവാഹത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പഠിപ്പിക്കുകയും ചെയ്തു. വിവാഹത്തിന് സമയമായാല്‍ മക്കളെവിവാഹം കഴിപ്പിച്ചുകൊടുക്കണമെന്നത് രക്ഷാകര്‍ത്താക്കളോടും സമൂഹത്തോടുമുള്ള കല്‍പനയാണ്. അതില്ലാതെയായാല്‍ കുടുംബം വഴിതെറ്റിപ്പോകും.
ഭദ്രമായ കുടുംബ ജീവിതത്തിന് വിവാഹം മാത്രമാണ് പരിഹാരമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. പ്രവാചകര്‍ നബി (സ)പറഞ്ഞു: 'യുവ സമൂഹമേ! വിവാഹപ്രായമെത്തിയാല്‍ നിങ്ങള്‍ വിവാഹം ചെയ്യുക. അത് കണ്ണിന് കുളിര്‍മ്മയും ചാരിത്രശുദ്ധിക്ക് ഉത്തമവുമാണ്. അതിന് കഴിയാതെ വരുന്നവര്‍ വ്രതമനുഷ്ഠിക്കട്ടേ. അതവന് ഒരു പരിചയാണ്'. സമയമാകുമ്പോള്‍ വിവാഹിതരാവുന്നതിനാല്‍ ധാരാളം തെറ്റുകുറ്റങ്ങളില്‍നിന്ന് മനുഷ്യര്‍ മുക്തരാവുന്നു. വിവാഹത്തിലൂടെ ഭദ്രമായൊരു കുടുംബം രൂപപ്പെടുകയും ചെയ്യുന്നു. വിവാഹം ഉപേക്ഷിച്ചു കണ്ടവന്റെയെല്ലാംകൂടെ കൈപിടിച്ചു പോവുന്നൊരുരീതിയാണിന്ന് യുറോപിലുള്ളത്. തങ്ങളുടെ താല്‍ക്കാലിക ലൈംഗിക വികാരത്തിന് ശമനമായി ഒരുത്തിയെ അവര്‍ കണ്ടെത്തുകയും അല്‍പ കാലംകൊണ്ടുതന്നെയവര്‍ ബന്ധങ്ങള്‍ വേര്‍പിരിയുകയുംചെയ്യുന്നു. സംരക്ഷിക്കാനാരുമില്ലാത്ത രീതിയില്‍ ജീവിതം ഒറ്റപ്പെടുന്നവരുടെയെണ്ണം യൂറോപില്‍ ആയിരക്കണക്കിനാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭദ്രമായ കുടുംബ ജീവിതത്തിനും ലൈംഗിക പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും വീണ് സമൂഹത്തിന്റെ ചാരിത്രശുദ്ധി ചോര്‍ന്നുപോകാതിരിക്കാന്‍ അല്ലാഹു നിശ്ചയിച്ച വിവാഹമെന്ന ആരാധന ഏറ്റവും ലളിതമായിത്തന്നെ നിര്‍വഹിക്കാനും അവന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, വിവാഹമെന്ന് കേട്ടാലിന്ന് ചില ഗൃഹനാഥന്‍മാര്‍ ഭയപ്പെടുകയാണ്. ലക്ഷണമൊത്ത ഇണകളെ കിട്ടാന്‍ ഏറെ പ്രയാസപ്പെടുന്നു.
വിവാഹത്തിന്റെ പേരില്‍ ഞെട്ടിക്കുന്ന പീഡന കഥകളാണ് നിത്യവും വാര്‍ത്താ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിവാഹത്തിന്റെ പേരില്‍ ചില മഹല്ലുകളില്‍ കാണുന്ന കോപ്രായങ്ങള്‍ വിവരിക്കാന്‍ പറ്റാതെയായിരിക്കുന്നു. ശക്തമായ ബോധവല്‍ക്കരണം മാത്രമാണ് ഇതിനെല്ലാം പോംവഴി. പാതിരാ പ്രസംഗങ്ങളും പലപേരിലുമുള്ള പ്രാര്‍ഥനാ സദസുകളും അങ്ങിങ്ങായി നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും അധികമൊന്നും ഇത്തരം കാര്യങ്ങള്‍ എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. ബോധവല്‍ക്കരണം മാത്രം പോരാ. ധാര്‍മികതയിലേക്കും ശരിയായ വിശ്വാസത്തിലേക്കും സമൂഹത്തെ തിരിച്ചുകൊണ്ടു വരാന്‍ തസ്‌കിയത്ത് അത്യാവശ്യമാണ്. വിവാഹത്തിന്റെ പേരില്‍ അരുതായ്മകള്‍ കണ്ടാല്‍ അതിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി തക്കതായ ശിക്ഷയും താക്കീതുകളും നല്‍കുകയും എന്നിട്ടും ആവര്‍ത്തിക്കുന്നുവെങ്കില്‍ മഹല്ല് നേതൃത്വം കൂടിയാലോചിച്ചതിനു ശേഷം ഉചിതമായ തീരുമാനങ്ങള്‍ കൈകൊള്ളേണ്ടതാണ്. തീരുമാനമെടുക്കുന്നവര്‍ ഇത്തരം ദൂഷ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാകരുത്. അധര്‍മ്മങ്ങളും അനാചാരങ്ങളും പെരുകുമ്പോള്‍ നേതൃത്വം മൗനം പാലിച്ചാല്‍ ദുരാചാരങ്ങള്‍ മതത്തില്‍പെട്ടതാണെന്ന്‌പോലും പൊതുജനം തെറ്റിദ്ധരിക്കാനിടയാകും. ഉത്തമ സമൂഹത്തിന്റെ സൃഷ്ടിക്കും സമഭാവനയോടെയുള്ള കുടുംബ സംവിധാനത്തിനും ഈ രംഗത്ത് തികഞ്ഞ അച്ചടക്കം പാലിക്കാന്‍ നമുക്ക് കഴിയണം. കൊവിഡ് കാലം നമുക്ക് പഠിപ്പിച്ച ചില ശീലങ്ങള്‍ നാം നിലനിര്‍ത്തിയേ പറ്റൂ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."