പ്രകോപനം സൈനിക നടപടിയിലെത്തിക്കുമെന്ന് പെന്‍സ്
സിയൂള്‍: യു.എസും ഉത്തര കൊറിയയും തമ്മില്‍ സംഘര്‍ഷം മൂര്‍ധന്യത്തിലെത്തി നില്‍ക്കെ യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ദക്ഷിണ കൊറിയയിലെത്തി. 10 ദിവസം നീളുന്ന ഏഷ്യന്‍ രാജ്യത്തെ സന്ദര്‍ശനത്തിനാണ് പെന്‍സ് എത്തിയത്. ഉത്തര കൊറിയയുടെ ഇന്നലത്തെ മിസൈല്‍ വിക്ഷേപണത്തിനു ശേഷമാണ് പെന്‍സ് ദ.കൊറിയയില്‍ ഇറങ്ങിയത്. ഉ.കൊറിയയുടെ ഏറ്റവും പുതിയ പ്രകോപനം സൈനിക നടപടിയിലേക്ക് നയിക്കുമെന്ന് പെന്‍സ് മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് അദ്ദേഹം മിസൈല്‍ പരീക്ഷണം നടന്ന കടലിനു മുകളില്‍ നിരീക്ഷണ പറക്കലും നടത്തി.
യു.എസിന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ കൊറിയന്‍ തീരത്തേക്ക് നീങ്ങുന്നുണ്ട്. ഇന്നലെ ദ.കൊറിയയില്‍ ഇറങ്ങിയ മൈക് പെന്‍സ് സിയൂള്‍ ദേശീയ സെമിത്തേരിയില്‍ സന്ദര്‍ശനം നടത്തി. അവിടെ യു.എസ് സൈനികരൊടൊപ്പം ചര്‍ച്ചില്‍ ഈസ്റ്റര്‍ ആഘോഷത്തിലും ഉച്ചഭക്ഷണത്തിലും പങ്കെടുത്തു. അമേരിക്കയുടെ ദ.കൊറിയന്‍ ദൗത്യത്തെ ഉത്തര കൊറിയയുടെ പ്രകോപനം ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാവിലെയുണ്ടായ ഉത്തര കൊറിയന്‍ പ്രകോപനം ദ.കൊറിയയിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അമേരിക്കയുടെ പ്രതിരോധത്തിനും ഭീഷണിയാണെന്ന് പെന്‍സ് പറഞ്ഞു.
യു.എസിന്റെ കൊറിയന്‍ കമാന്‍ഡറായ ജനറല്‍ വിന്‍സെന്റ് ബ്രൂക്സിനോട് ലോകത്തിന്റെയും അമേരിക്കയുടെയും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍ഭയമായി മുന്നോട്ടു നീങ്ങാന്‍ പെന്‍സ് ആഹ്വാനം നല്കി. ദ.കൊറിയയിലെ സൈനിക ഉദ്യോഗസ്ഥരുമായി ഇന്നലെ രണ്ടുതവണ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. ദൈവത്തിന്റെ സഹായത്തോടെ മേഖലയിലെ സ്വാതന്ത്ര്യം പുലരുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."