തുര്‍ക്കിയില്‍ അജയ്യനായി ഉര്‍ദുഗാന്‍
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് കൂടുതല്‍ അധികാരം നല്‍കുന്ന ഹിതപരിശോധനയില്‍ യെസ് പക്ഷത്തിന് വിജയം. 71.58 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഉര്‍ദുഗാനെ അനുകൂലിക്കുന്ന യെസ് പക്ഷം 54.99 ശതമാനം വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചു. ഹിതപരിശോധനയെ എതിര്‍ക്കുന്ന വിഭാഗത്തിന് 45.01 ശതമാനം വോട്ടുകളാണ് ലഭിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അനാദൊലു റിപ്പോര്‍ട്ട് ചെയ്തു. 50 ശതമാനത്തിലധികം വോട്ട് നേടുന്ന അഭിപ്രായമാണ് വിജയിച്ചതായി പ്രഖ്യാപിക്കുക. 5.53 കോടി ജനങ്ങളാണ് വോട്ട് ചെയ്തത്.
ഹിതപരിശോധനയില്‍ വിജയിച്ചതോടെ ഉര്‍ദുഗാന് 2029 വരെ പ്രസിഡന്റ് പദവിയില്‍ തുടരാനാകും. ആധുനിക തുര്‍ക്കിയുടെ ശില്‍പി മുസ്തഫ കമാല്‍ അത്താതുര്‍ക്കിനും പിന്‍ഗാമി ഇസ്്മത് ഇനൊനുവിനേക്കാള്‍ വലിയ അധികാരമാണ് ഹിതപരിശോധനയിലൂടെ ഉര്‍ദുഗാന് ലഭിക്കുക. പ്രസിഡന്‍ഷ്യല്‍ രീതി വേണമോ വേണ്ടയോ എന്നാണ് ഹിതപരിശോധനയില്‍ തെളിഞ്ഞത്. 1.67 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഉര്‍ദുഗാന്‍ നേരത്തെ തന്നെ ഇസ്താംബൂളില്‍ കുടുംബത്തോടൊപ്പം വോട്ടു രേഖപ്പെടുത്തി.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തുര്‍ക്കിയുടെ തെക്കു കിഴക്കന്‍ മേഖലയില്‍ പോളിങ് സ്റ്റേഷനു സമീപം രണ്ടു പേര്‍ വെടിയേറ്റു മരിച്ചു. അഭിപ്രായ വോട്ടെടുപ്പിലും യെസ് പക്ഷത്തിനായിരുന്നു മുന്‍തൂക്കം. ഉര്‍ദുഗാന്റെ അക് പാര്‍ട്ടിയും നാഷനലിസ്റ്റ് പാര്‍ട്ടിയുമാണ് യെസ് പക്ഷത്തെ പിന്തുണച്ചത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം വേണ്ടെന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം വേണമെന്ന തീരുമാനം വന്നതോടെ തുടര്‍ന്ന് മന്ത്രിമാരെയും ജഡ്ജിമാരെയും നിയമിക്കാനുള്ള അധികാരവും ഉര്‍ദുഗാനു ലഭിക്കും. സൈനിക കോടതികള്‍ ഇല്ലാതാവുകയും ചെയ്യും. പ്രധാനമന്ത്രി പദവിയും ഇതോടെ ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."