താഴത്തങ്ങാടി കൊലപാതകം പ്രതിയെ എറണാകുളത്തുനിന്ന് പിടികൂടി
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വയോധിക ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി ചിറ്റയില്‍ മുഹമ്മദ് ബിലാല്‍ (23) ആണ് അറസ്റ്റിലായത്. എറണാകുളത്ത് നിന്നും പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷണം നടത്താനുള്ള ലക്ഷ്യത്തോടെയാണ് പ്രതി ദമ്പതികളെ ആക്രമിച്ചതെന്നു പൊലിസ് പറഞ്ഞു. ദമ്പതികളുടെ വീട്ടില്‍ നിന്നും കവര്‍ന്ന 28 പവന്‍ സ്വര്‍ണവും, പണവും കാറും പൊലിസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഒന്നിനാണ് പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ വീടിനുള്ളില്‍ ക്രൂരമായ ആക്രമണത്തിന് വിധേയരായ നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ ഷീബ മരിച്ചു. മുഹമ്മദ് സാലി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച ഷീബയുടെ സഹോദരന്റെ വീട്ടിലാണ് അറസ്റ്റിലായ യുവാവ് മുന്‍പ് വാടകയ്ക്കു താമസിച്ചിരുന്നത്. പ്രതി കുടുംബവുമായി അടുപ്പം സ്ഥാപിക്കുകയും ദമ്പതികളുടെ സഹായിയായി വീട്ടില്‍ കയറിയിറങ്ങിയിരുന്നു. നാട് വിടണമെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ യുവാവ് ഒന്നാം തിയതി പുലര്‍ച്ചെ ദമ്പതിമാരുടെ വീട്ടിലെത്തി. ഇവര്‍ ഉണര്‍ന്നപ്പോള്‍ അകത്തു കയറിയ ബിലാല്‍ ദമ്പതികളുമായി സംസാരിച്ചിരുന്നു. ഇതിനിടെ യുവാവ് ഷീബയോട് വെള്ളം ആവശ്യപ്പെട്ടു. ഷീബ വെള്ളം എടുക്കാന്‍ വീടിനുള്ളിലേയ്ക്കു കയറിപ്പോയ സമയത്ത് ബിലാലും സാലിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പണം കടം ചോദിച്ച യുവാവിനോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ സാലി ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായ ബിലാല്‍ സമീപത്തിരുന്ന ടീപ്പോയ് എടുത്ത് സാലിയുടെ തലയ്ക്കടിച്ചു. ശബ്ദം കേട്ട് വെള്ളവുമായി ഓടിയെത്തിയ ഷീബയുടെ തലയിലും പ്രതി അടിച്ചു. അടിയേറ്റ് നിലത്തു വീണ ഇരുവരുടെയും കൈകള്‍ കമ്പി ഉപയോഗിച്ച് പിന്നില്‍ നിന്നും കെട്ടുകയും പിന്നീട് വയര്‍ ഉപയോഗിച്ച് ഇരുവരെയും വൈദ്യുതാഘാതവും ഏല്‍പ്പിയ്ക്കുകയായിരുന്നു. ഒരു മണിക്കൂറോളം വീടിനുള്ളില്‍ ചിലവഴിച്ച യുവാവ് അലമാരിയില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു. വീടിന്റെയും കാറിന്റെയും താക്കോലെടുത്ത് പുറത്തിറങ്ങിയ ശേഷം കാറുമായി കടന്നു കളയുകയായിരുന്നു. മുഹമ്മയില്‍ കാര്‍ ഉപേക്ഷിച്ച ശേഷം പല വാഹനങ്ങളിലായി എറണാകുളത്ത് എത്തിയ യുവാവ് ഇടപ്പള്ളിക്കടുത്ത കുന്നുംപുറത്തെ വാടകവീട്ടില്‍ ഹോട്ടല്‍ തൊഴിലാളിയായി ഒളിവില്‍ താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ ് കോട്ടയം വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പ്രതി ബിലാല്‍ താമസിച്ച മുറിയിലെ അലമാരിയില്‍ നിന്ന് ഷീബയുടെ 28 പവന്‍ സ്വര്‍ണ്ണം കണ്ടെത്തി.
പ്രതി കയറിയ പെട്രോള്‍ പമ്പില്‍ നിന്നുള്ള സി.സി ടി.വി കാമറാ ദൃശ്യങ്ങള്‍ പിന്‍തുടര്‍ന്നാണ് പൊലിസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി മോഷ്ടിച്ച കാര്‍ പൊലിസ് ആലപ്പുഴയില്‍നിന്ന് കണ്ടെടുത്തു.കോട്ടയം പൊലിസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."