വീണ്ടും ഉ.കൊറിയയുടെ മിസൈല്‍ പരീക്ഷണം
പ്യോങ്‌യാങ്: അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെ ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. എന്നാല്‍ വിക്ഷേപണം പരാജയമായിരുന്നുവെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും അറിയിച്ചു. യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. ഭൂഖണ്ഡാന്തര ആണവ മിസൈലാണ് വിക്ഷേപിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉത്തര കൊറിയ നടത്തിയ സൈനിക പരേഡില്‍ അമേരിക്കയെ ലക്ഷ്യം വയ്ക്കുന്ന ഭൂഖണ്ഡാന്തര മിസൈല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്താന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മിസൈല്‍ പരീക്ഷിച്ചത്. മിസൈല്‍ വിക്ഷേപിച്ച് സെക്കന്റുകള്‍ക്കകം പൊട്ടിത്തെറിച്ചുവെന്ന് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
ഉത്തര കൊറിയയുടെ കിഴക്കന്‍ തുറമുഖ നഗരമായ സിന്‍പോയില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് ദ.കൊറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പക്ഷേ, പരീക്ഷണം വിജയിച്ചില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. യു.എസിന്റെ പസഫിക് കമാന്‍ഡന്റും പിന്നീട് മിസൈല്‍ പരീക്ഷണം പരാജയമാണെന്ന് പ്രസ്താവിച്ചു.
മിസൈല്‍ പൂര്‍ണമായി തകര്‍ന്നുവെന്ന് യു.എസ് നാവിക കമാന്‍ഡര്‍ ദവേ ബെന്‍ഹാം റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈലായ (ഐ.സി.ബി.എം) ആണ് പരീക്ഷിച്ചതെന്നാണ് സംശയമെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഒരു യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇത്തരം മിസൈലുകള്‍ ഉന്നത സഞ്ചാരപഥത്തിലൂടെയാണ് സാധാരണ സഞ്ചരിക്കുന്നത്. അന്തരീക്ഷത്തിനു മുകളിലായി ഉപ ഭ്രമണപഥത്തിലൂടെയാണ് ഈ മിസൈലുകള്‍ സഞ്ചരിക്കുക. എന്നാല്‍ ലക്ഷ്യം നേടാനാകാതെ മിസൈല്‍ ഭൂഗുരുത്വാകര്‍ഷണത്തില്‍പ്പെട്ട് വീണു എന്നാണ് യു.എസ് പറയുന്നത്.
ഈമാസം ആദ്യം ഉത്തര കൊറിയ ജപ്പാന്‍ കടലിനോട് ചേര്‍ന്ന സിന്‍പോ തുറമുഖത്തു നിന്ന് മധ്യ ദൂര മിസൈല്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇവിടെ നിന്നാണ് ഇന്നലെയും വിക്ഷേപണം നടന്നത്.
മേഖലയില്‍ ഏതു നിമിഷവും യുദ്ധമുണ്ടാകാമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.
അതിനിടെ, ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി യാങ് ജിയാച്ചിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും കൊറിയന്‍ വിഷയത്തില്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തി.
ഇരു വിഭാഗവും ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് യാങ് പറഞ്ഞതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."