നാലാം ജയം; മുംബൈ തലപ്പത്ത്
മുംബൈ: ഗുജറാത്ത് ലയണ്‍സിനെ മൂന്നാം പരാജയത്തിലേക്ക് തള്ളിയിട്ട് സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയം പിടിച്ചു.
ആറു വിക്കറ്റിന് മത്സരം സ്വന്തമാക്കിയ മുംബൈ നാലാം വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെന്ന മികച്ച സ്കോര്‍ കണ്ടെത്തിയപ്പോള്‍ മുംബൈ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്ത് വിജയിച്ചു.
മികച്ച ഫോമില്‍ കളിക്കുന്ന യുവ താരം നിതിഷ് റാണയുടെ അര്‍ധ സെഞ്ച്വറി (53)യും നായകന് രോഹിത് ശര്‍മ പുറത്താകാതെ 29 പന്തില്‍ നേടിയ 40 റണ്‍സുമാണ് മുംബൈ ജയം അനായാസമാക്കിയത്. മധ്യനിരയില്‍ പൊള്ളാര്‍ഡ് 23 പന്തില്‍ 39 റണ്‍സെടുത്ത് മികച്ച ബാറ്റിങുമായി കളം നിറഞ്ഞതോടെ മുംബൈക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.
ടൂര്‍ണമെന്റിലെ രണ്ടാം അര്‍ധ ശതകം നേടിയ റാണ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത നായകന് ഗംഭീറിനെ പിന്തള്ളി അഞ്ച് കളികളില്‍ നിന്ന് 193 റണ്‍സ് സമ്പാദിച്ചാണ് റാണ തലപ്പത്തെത്തിയത്. റാണ നാല് ഫോറും രണ്ട് സിക്സും അടിച്ചപ്പോള്‍ പൊള്ളാര്‍ഡ് രണ്ടു ഫോറും മൂന്ന് സിക്സും തൂക്കി. ഗുജറാത്തിനായി ആന്‍ഡ്രു ടൈ രണ്ടും മുനാഫ് പട്ടേല്‍, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടി മുബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഗുജറാത്തിന് ഡ്വെയ്ന്‍ സ്മിത്തിനെ നഷ്ടമായെങ്കിലും ഒരറ്റത്ത് നങ്കൂരമിട്ട ബ്രെണ്ടന്‍ മെക്കല്ലത്തിന്റെ ബാറ്റിങ് അവരെ മുന്നോട്ടു കൊണ്ടുപോയി. 44 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും പറത്തി മെക്കല്ലം 64 റണ്‍സെടുത്തു.
നായകന് റെയ്ന 28 റണ്‍സില്‍ പുറത്തായി. അഞ്ചാമനായി ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ടാണ് ഗുജറാത്തിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. കാര്‍ത്തിക് 26 പന്തില്‍ രണ്ടു വീതം സിക്സും ഫോറും പറത്തി 48 റണ്‍സ് കണ്ടെത്തി.
മുംബൈ നിരയില്‍ മക്ലനാഗന്‍ രണ്ടും മലിംഗ, ഹര്ഭജന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നിതിഷ് റാണയാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."