കേരള പ്രീമിയര്‍ ലീഗ്: എസ്.ബി.ഐക്ക് സാറ്റിന്റെ സമനില കുരുക്ക്
തിരുവനന്തപുരം: പുതിയ പേരില്‍ സ്വന്തം തട്ടകത്തില്‍ ആദ്യ പോരിനിറങ്ങിയ എസ്.ബി.ഐക്ക് സമനിലകുരുക്ക്. കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ സാറ്റ് തിരൂര്‍, എസ്.ബി.ഐയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.
കളിയുടെ മുഴുവന്‍ സമയവും ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ആദ്യ പകുതിയില്‍ ഇരു ടീമുകളുടെ ഇഞ്ചോടിഞ്ച് പൊരുതി. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ പുല്ലില്ലാത്ത മൈതാനത്ത് ഗോളിനു വേണ്ടിയുള്ള നീക്കങ്ങളൊന്നും ഫലം കണ്ടില്ല. മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ അടിക്കാനുള്ള അവസരം എസ്.ബി.ഐ നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ കളിയുടെ നിയന്ത്രണം തിരിച്ചു പിടിച്ച സാറ്റ് തിരൂരിന് വേണ്ടി മുഹമ്മദ് സാലിഹ് നടത്തിയ ഗോള്‍ നീക്കം എസ്.ബി.ഐ ഗോളി രക്ഷപ്പെടുത്തി. തുടരെ തുടരെ ഗോളിനായുള്ള ശ്രമം ഇരു ടീമുകളും നടത്തിയെങ്കിലും ഫലം കണ്ടില്ല. ഗോള്‍രഹിത സമിനിലയില്‍ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ എസ്.ബി.ഐ ഗോള്‍ ഉറപ്പിച്ച നീക്കം നടത്തി. ലിജോ നല്കിയ ത്രോ സജിത് പൗലോസ് മുഹമ്മദ് അസ്ലമിന് കൈമാറിയെങ്കിലും ലക്ഷ്യം കണ്ടില്ല. തിരിച്ചടിച്ച തിരൂര്‍ സാറ്റിനും ലക്ഷ്യം നേടാനായില്ല. ഗോളിനായുള്ള പോരാട്ടം മുറുകിയതോടെ കളി പരുക്കനായി. ഇതോടെ റഫറിക്ക് മഞ്ഞക്കാര്‍ഡും പുറത്തെടുക്കേണ്ടി വന്നു. 68 ാം മിനുട്ടില്‍ എസ്.ബി.ഐയുടെ സീസണ് വലത് മൂലയില്‍ നിന്നു കൈമാറിയ പാസ് സ്വീകരിച്ച പി ഉസ്മാന് തൊടുത്ത ഷോട്ട് ഡൈവ് ചെയ്ത് കുത്തിയകറ്റി സാറ്റിന്റെ ഗോളി ഭാസ്കര്‍ റോയി രക്ഷകനായി. തൊട്ടുപിന്നാലെ സാറ്റ് തിരൂരിന് അനുകൂലമായ ഫ്രീ കിക്ക്. ജപ്പാന് താരം അതുഷി തൊടുത്ത ഷോട്ട് തട്ടികയറ്റി ജിജോ ജോസഫ് രക്ഷകനായി. മികച്ച പ്രതിരോധമാണ് സാറ്റിന് രക്ഷയായത്. എസ്.ബി.ഐയുടെ പ്രതിരോധം പലപ്പോഴും ദുര്‍ബലമായിരുന്നു. പി ഉസ്മാനും 17 ാം നമ്പര്‍ താരം പ്രസൂണും നന്നായി അധ്വാനിച്ചെങ്കിലും സാറ്റിന്റെ വല കുലുക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."