ചെളിക്കുളമായി ആമ്പല്‍കുളം-പറമ്പത്ത്കാവ് റോഡ്; ദുരിതം പേറി പ്രദേശവാസികള്‍
കൊടുവള്ളി: നഗരസഭ 15ാം ഡിവിഷനിലെ ആമ്പല്‍ക്കുളം-പറമ്പത്ത്കാവ് പള്ളി റോഡ് ചളിക്കുളമായത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. റോഡിന്റെ ഏതാനും ഭാഗം ടാറിങ്ങും കുറഞ്ഞ ഭാഗം കോണ്‍ക്രീറ്റും ചെയ്തിട്ടുണ്ടെങ്കിലും ബാക്കി വരുന്ന ഭാഗത്ത് രൂപപ്പെട്ട കുഴിയില്‍ ചെളിയും വെള്ളവും നിറയുന്നതാണ് നാട്ടുകാരെ വലക്കുന്നത്.
റോഡിന് സമീപത്തുള്ള ആമ്പല്‍ക്കുളത്തിന് സംരക്ഷണഭിത്തി ഇല്ലാത്തതിനാല്‍ ഇവിടെ അപകടം പതിയിരിക്കുന്നുമുണ്ടണ്ട്. കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പറമ്പത്ത്കാവ് എ.എം.എല്‍.പി സ്‌കൂള്‍, കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂള്‍, മറ്റു സ്വകാര്യ സ്‌കൂളുകള്‍, മദ്‌റസകള്‍ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ദിനേന കാല്‍നടയായി സഞ്ചരിക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ നഗരസഭയെയും എം.എല്‍.എയെയും ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.
ആവശ്യത്തിന് ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് തങ്ങളുടെ അപേക്ഷകള്‍ നിരസിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ചു വര്‍ഷം മുന്‍പ് നാട്ടുകാര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്നാണ് റോഡിന്റെ ഏതാനും ഭാഗം കോണ്‍ക്രീറ്റ് ചെയ്തത്. എന്നാല്‍ നിലവാരമില്ലാത്ത പ്രവൃത്തിയായതിനാല്‍ പലയിടങ്ങളിലും കോണ്‍ക്രീറ്റ് പൊളിഞ്ഞ നിലയിലാണ്.
റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിച്ചില്ലെങ്കില്‍ രണ്ടാം ഘട്ട പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ.കെ ഖമറുദിദീന്‍, കെ. ബിലു എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."