രണ്ടു 'ഗുജറാത്തി കൊള്ളക്കാര്‍' ജനങ്ങളെ വിഡ്ഢികളാക്കുന്നു: ബി.ജെ.പി മുന്‍ വക്താവ്
ലഖ്‌നൗ: പ്രധാനമന്ത്രിക്കും പാര്‍ട്ടി ദേശീയ അധ്യക്ഷനുമെതിരേ ആഞ്ഞടിച്ച് ബി.ജെ.പിയില്‍നിന്ന് പുറത്താക്കപ്പെട്ട നേതാവ്. ഗുജറാത്തികളായ രണ്ട് കൊള്ളക്കാര്‍ രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നാണ് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ വക്താവുമായ ഐ.പി സിങ് ട്വീറ്റ് ചെയ്തത്.
മോദിയെ പ്രധാനമന്ത്രി എന്നതിലുപരി പ്രചാരണ മന്ത്രി എന്ന് പറയുന്നതാണ് അനുയോജ്യമെന്നും അദ്ദേഹം പരിഹസിച്ചു.
സമാജ് വാദി പാര്‍ട്ടിയിലേക്ക് മാറിയ അദ്ദേഹം തന്റെ വീട് അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിട്ടുനല്‍കുകയും ചെയ്തു.
യു.പി ബി.ജെ.പി അധ്യക്ഷന്റെ ശുപാര്‍ശ പ്രകാരമാണ് ഐ.പി സിങിനെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. താന്‍ ക്ഷത്രിയ കുടുംബത്തില്‍ ജനിച്ച ആളാണ്. ഹിന്ദി സംസാരിക്കുന്ന ജനങ്ങളെ കഴിഞ്ഞ അഞ്ച് വര്‍ഷമായി രണ്ട് ഗുജറാത്തി കൊള്ളക്കാര്‍ വിഡ്ഢികളാക്കികൊണ്ടിരിക്കുകയാണ്. ഹിന്ദി ഹൃദയ ഭൂമിയെ കൈയടക്കിയ ഇവര്‍ക്കെതിരേ നാം ഇതുവരെ നിശബ്ദത പാലിക്കുകയാണ് ചെയ്തത്.
ഗുജറാത്തിനെക്കാള്‍ ആറിരട്ടി വലുതാണ് ഉത്തര്‍പ്രദേശ്. ഗുജറാത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തെക്കാള്‍ 15 ഇരട്ടിയാണ് യു.പിയുടേത്. ഇങ്ങനെയൊക്കെയായിട്ടും എന്തു വികസനമാണ് അവര്‍ യു.പിയില്‍ ഉണ്ടാക്കിയതെന്നും ഐ.പി സിങ് ചോദിക്കുന്നു.
ജനങ്ങള്‍ പ്രധാനമന്ത്രിയെ ആണോ അതോ പ്രചാരണ മന്ത്രിയെയാണോ തെരഞ്ഞെടുക്കേണ്ടതെന്ന് ചിന്തിക്കണം. രാജ്യത്തെ പ്രധാനമന്ത്രി നല്ല ടീ-ഷര്‍ട്ട് , ചായക്കപ്പ് എന്നിവ വില്‍ക്കുന്നയാളാകേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
നല്ല ആശയങ്ങള്‍ ഉള്ളതുകൊണ്ടായിരുന്നു നേരത്തെ ജനങ്ങള്‍ ബി.ജെ.പിയെ നെഞ്ചേറ്റിയിരുന്നത്.
മിസ്ഡ് കോള്‍ നല്‍കിയും ടീ ഷര്‍ട്ട് വിറ്റും ജനങ്ങളെ ആകര്‍ഷിക്കാനാണ് ഇപ്പോള്‍ പാര്‍ട്ടി ശ്രമിക്കുന്നത്.
ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ മേഖലയില്‍ അഖിലേഷ് യാദവ് സ്ഥാനാര്‍ഥിയായതോടെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ നിന്ന് ജനങ്ങള്‍ മുക്തരാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
പാര്‍ട്ടിക്കുവേണ്ടി മൂന്ന് പതിറ്റാണ്ട് പ്രവര്‍ത്തിച്ചു. എന്നാല്‍ സത്യം പറയുമ്പോള്‍ അതിനെ കുറ്റമായി കാണുന്ന പ്രവണതയാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ കാണുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ലാതായിരിക്കുന്നു. തന്നെ മോദി മറന്നേക്കണമെന്നും ഐ.പി സിങ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."