സെലക്ടീവ് ടാക്‌സ്: ശൂറാ കൗണ്‍സില്‍ അംഗീകാരം, അന്തിമാനുമതിക്കായി മന്ത്രിസഭയ്ക്ക്
ജിദ്ദ : സഊദിയില്‍ സെലക്ടീവ് ടാക്‌സ് ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. വിഷയം അന്തിമാനുമതിക്കായി മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം എന്ന നിലക്കല്ല സെലക്ടീവ് ടാക്‌സ് ഏര്‍പ്പെടുത്തുന്നതെന്ന് ശൂറാ കൗണ്‍സില്‍ വ്യക്തമാക്കി.
2017 ന്റെ രണ്ടാം പാദത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത സെലക്ടീവ് ടാക്‌സ് പ്രാബല്യത്തില്‍ വരുത്താന്‍ ജി.സി.സി രാജ്യങ്ങള്‍ ധാരണയിലെത്തിയിരുന്നു. സിഗരറ്റിനും എനര്‍ജി ഡ്രിങ്കുകള്‍ക്കും നൂറു ശതമാനവും ശീതള പാനീയങ്ങള്‍ക്ക് 50 ശതമാനവും സെലക്ടീവ് ടാക്‌സ് നടപ്പാക്കാനാണ് തീരുമാനം.
മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ പുകയില, എനര്‍ജി ഡ്രിംഗ്‌സ് എന്നിവക്ക് 100 ശതമാനം ടാക്‌സ് ഏര്‍പ്പെടുത്താനുള്ള സെലക്ടീവ് ടാക്‌സ് പ്രാബല്യത്തില്‍ വരുന്നതോടെ ഇവയുടെ വില്‍പന കുറയുമെന്നും ഗവണ്‍മെന്റ് വിലയിരുത്തുന്നുണ്ട്.
അടുത്ത വര്‍ഷാദ്യം മുതല്‍ സൗദിയില്‍ മൂല്യവര്‍ധിത നികുതിയും നിലവില്‍വരും.
സൗദി കാബിനറ്റ് കൂടി അംഗീകരിച്ച് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിന് ശേഷം നിയമ സാധുത കൈവരുമെന്നതിനാല്‍ രണ്ടാഴ്ചക്കകം സെലക്ടീവ് ടാക്‌സ് സൗദി അറേബ്യയില്‍ പ്രാബല്യത്തിലാകും.
അതേസമയം സെലക്ടീവ് ടാക്‌സ് നടപ്പാക്കുമ്പോള്‍ വിലയില്‍ കൃത്രിമം കാണിക്കുന്ന വ്യാപാരികള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിനു മുമ്പ് വാങ്ങി സൂക്ഷിച്ച ഉല്‍പന്നങ്ങള്‍ പുതിയ വിലയില്‍ വില്‍ക്കുകയാണെങ്കില്‍ ടാക്‌സ് നല്‍കേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."