വടിവാള്‍ വീശി ആക്രമത്തിനു ശ്രമിച്ച മൂവര്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
ഫറോക്ക്: വീട്ടുടമസ്ഥനു നേരെ വടിവാള്‍ വീശി ആക്രമത്തിനു ശ്രമിച്ച മൂവര്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കടലുണ്ടി മണ്ണൂര്‍ റെയില്‍ കോട്ടാത്തില്‍ തറയില്‍ മുഹമ്മദ് ഷരീഫ് (19), മണ്ണൂര്‍ വാലാത്ത്പറമ്പ് റിയാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന മണ്ണൂര്‍ സ്വദേശി അജ്മലിനു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ഫറോക്ക് വാലഞ്ചേരിത്താഴത്താണു സംഭവം. ആക്രമണത്തിനുപയോഗിച്ച വടിവാള്‍ സമീപത്തെ വീടിന്റെ മുറ്റത്തുനിന്നു കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് കോട്ടപ്പാടം വാലഞ്ചേരിത്താഴം ഷറഫുദ്ദീനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ബൈക്കില്‍ വാലഞ്ചേരിത്താഴത്ത് എത്തിയ സംഘാംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
ബഹളം കേട്ടെത്തിയ ഷറഫുദ്ദീന്‍ കാര്യം അന്വേഷിച്ചപ്പോള്‍ വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിനിടെ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് പൊലിസെത്തിയപ്പോഴേക്കും അജ്മല്‍ ഓടിരക്ഷപ്പെട്ടു. ഇയാളാകും വാള്‍ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.
രാവിലെ വീട്ടുമുറ്റത്ത് കണ്ടെത്തിയ വാള്‍ എസ്.ഐ എം.സി ഹരീഷിന്റെ നേതൃത്വത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."