ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തില്‍ റോയല്‍ കമ്മിഷന്‍ അന്വേഷണം
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് നഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അറിയിച്ചു. തോക്കുകളുടെ ഉപയോഗം, ആക്രമണങ്ങള്‍ക്കു പിന്നിലെ ചാരസംഘങ്ങള്‍, സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം എന്നിവയും അന്വേഷണത്തിന്റെ പരിധിയില്‍ വരും. രാജ്യത്തെ പരമോന്നത അന്വേഷണ സമിതിയായ റോയല്‍ കമ്മിഷനാവും ഇക്കാര്യങ്ങള്‍ പരിശോധിക്കുകയെന്നും പ്രധാനമന്ത്രി അറിയിച്ചു.
ന്യൂസിലന്‍ഡ് ജനതയും മുസ്‌ലിം ലോകവും ഒന്നിച്ച് ആക്രമണത്തിനെതിരേ നിലകൊള്ളുന്ന സാഹചര്യമാണുള്ളതെന്നും എങ്ങിനെ ഇതുപോലൊരു ആക്രമണം ഇവിടെ ഉണ്ടായെന്നാണ് എല്ലാവരും ചോദിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നുവെങ്കിലും ഏതുവിധത്തിലായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല.
എന്നാല്‍, അന്വേഷണച്ചുമതല റോയല്‍ കമ്മിഷനു നല്‍കി ഇന്നലെ പ്രധാനമന്ത്രി ഉത്തരവിടുകയായിരുന്നു. സാധാരന പൊതുജനതാല്‍പര്യമുള്ള വിഷയങ്ങളില്‍ മാത്രമാണ് റോയല്‍ കമ്മിഷന്‍ അന്വേഷണം നടത്താറുള്ളത്. ഹൈക്കോടതി ജഡ്ജിയാവും കമ്മിഷനു നേതൃത്വം നല്‍കുക.
ഈ മാസം 15നു വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍, ലിന്‍വുഡ് പള്ളികളില്‍ ആസ്‌ത്രേലിയക്കാരനായ വംശീയവാദി 50 പേരെ വെടിവച്ചുകൊന്നത്. മുസ്‌ലിം കുടിയേറ്റക്കാരാണ് പ്രധാനമായും ആക്രമണത്തിന്റെ ഇരകള്‍.
സംഭവത്തിനു മുന്‍പായി രാജ്യത്ത് ഇത്തരത്തിലുള്ള വംശീയവാദികളുടെ ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പുണ്ടായിരുന്നോ? ന്യൂസിലന്‍ഡിലെയും ആസ്‌ത്രേലിയയിലെയും ക്രിമിനല്‍ പട്ടികയില്‍ ഇതുവരെ എന്തുകൊണ്ട് അക്രമി ഉള്‍പ്പെട്ടില്ല എന്നീ കാര്യങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തും.
ആഭ്യന്തര ചാരസംഘടന, സുരക്ഷാ രഹസ്യാന്വേഷണ വിഭാഗങ്ങള്‍, മറ്റു രാജ്യാന്തര ഏജന്‍സികള്‍, പൊലിസ്, കുടിയേറ്റ വിഭാഗം തുടങ്ങിയവയും അന്വേഷണത്തില്‍ സഹകരിക്കും. അക്രമിയെ അടുത്തമാസം അഞ്ചിനു വീണ്ടും കോടതിയില്‍ ഹാജരാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."