പൊള്ളുന്ന ചൂടില്‍ അഗ്നിപരീക്ഷ
#കെ. ജംഷാദ്
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ റെക്കോര്‍ഡിലേക്ക് കുതിക്കുന്ന പകല്‍ച്ചൂട് സ്ഥാനാര്‍ഥികള്‍ക്ക് അഗ്നിപരീക്ഷയാകുന്നു. ചൂടില്‍ മുന്നില്‍ നില്‍ക്കുന്ന മിക്ക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടവും ചൂടേറിയതാണ്. എന്നാല്‍, കൊടുംചൂടില്‍ പ്രചാരണം അല്‍പം മന്ദഗതിയിലാക്കിയാലോ എതിര്‍ സ്ഥാനാര്‍ഥി മേല്‍ക്കൈ നേടുകയായിരിക്കും ഫലം. തെരഞ്ഞെടുപ്പിന് ഒരു മാസം പോലും ബാക്കിയില്ലെന്നിരിക്കേ കൊടുംചൂട് വകവയ്ക്കാതെ മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്തുകയാണ് സ്ഥാനാര്‍ഥികള്‍.
ചൂടിനെ തുടര്‍ന്ന് മണ്ഡലം ചുറ്റിയുള്ള പ്രചാരണ ജാഥകള്‍ മിക്ക സ്ഥാനാര്‍ഥികളും ഒഴിവാക്കുകയാണ്. ജാഥയെ അനുഗമിക്കാന്‍ കൊടുംചൂടില്‍ ആളെക്കിട്ടിയില്ലെങ്കില്‍ അത് വിപരീതഫലമുണ്ടാക്കും. മാത്രമല്ല സ്ഥാനാര്‍ഥിക്കും കൂടെയുള്ളവര്‍ക്കും സൂര്യാതപ ഭീതിയുമുണ്ട്. മരണം വരെ സംഭവിച്ചേക്കാവുന്ന കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാന്‍ വിവിധ മാര്‍ഗങ്ങളാണ് സ്ഥാനാര്‍ഥികളും പരിവാരങ്ങളും സ്വീകരിച്ചുപോരുന്നത്.
മണ്ഡലത്തിലെ പര്യടനം അതിരാവിലെ തന്നെ തുടങ്ങുന്ന വിധത്തിലാണ് പ്രചാരണങ്ങള്‍ ക്രമീകരിച്ചത്. ചൂട് കൂടിയതോടെ തുറന്ന വാഹനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ചു. എ.സി കാറുകളിലാണ് യാത്ര. സ്ഥാനാര്‍ഥിക്കൊപ്പമുള്ള വാഹനങ്ങളില്‍ തണ്ണിമത്തനും മോരുംവെള്ളവും സ്റ്റോക്ക്. ചൂടിനെ അകറ്റാന്‍ പ്രധാനമായും ആശ്രയിക്കുന്നത് തണ്ണിമത്തനെ. മറ്റു പഴവര്‍ഗങ്ങളുമുണ്ട്. ഉച്ചഭക്ഷണം പലരും പഴങ്ങളോ കഞ്ഞിയോ ആക്കി.
സ്ഥാനാര്‍ഥി പുറത്തിറങ്ങുമ്പോള്‍ വെയിലിനെ പേടിച്ച് കുട ചൂടരുതെന്ന് നിര്‍ദേശമുണ്ട്. ജനകീയനായ സ്ഥാനാര്‍ഥി കുടചൂടിയാല്‍ അത് ട്രോളാക്കുമെന്നാണ് പേടി. വൈകിട്ടാണ് പ്രചാരണ പൊതുപരിപാടികള്‍. വേദികളില്‍ ഫാനും കൂളറും മിക്ക സ്ഥലത്തുമുണ്ട്.
ഉപ്പിട്ട കഞ്ഞിവെള്ളം കൈയില്‍ കരുതുന്നവരുമുണ്ട്. പ്രവര്‍ത്തകര്‍ ജ്യൂസ് നല്‍കിയാല്‍ സന്തോഷം. പക്ഷേ ഐസ് വേണ്ടെന്നാണ് സ്ഥാനാര്‍ഥികള്‍ പറയുന്നത്. തൊണ്ടവേദനയും ജലദോഷവും പ്രചാരണത്തിന് തടസമാകും.
കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കൂടിയ താപനില സാധാരണയില്‍ നിന്ന് മൂന്ന് മുതല്‍ നാലു ഡിഗ്രിവരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെയും ഈ മാസം 28 വരെ കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."