സ്ഥാനാര്‍ഥികള്‍ക്ക് നീലഗിരി താണ്ടാന്‍ കടമ്പകളേറെ
#നിസാം കെ. അബ്ദുല്ല
ഗൂഡല്ലൂര്‍: ഇത്തവണ നീലഗിരി താണ്ടാനെത്തിയ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് കടക്കാന്‍ കടമ്പകളേറെ. മുന്‍പത്തെ പോലെ ആരുവന്ന് നിന്നാലും ജയിച്ചുപോകുന്ന ചരിത്രമൊക്കെ നീലഗിരിയില്‍ ഇപ്പോള്‍ വഴിമാറി നടക്കുകയാണ്. നിരവധി പ്രശ്‌നങ്ങളാണ് ഈ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ ഇന്നനുഭവിക്കുന്നത്. അതില്‍ പ്രധാനം നീലഗിരിയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങളുടേതാണ്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭൂമി പ്രശ്‌നം മുതല്‍ തോട്ടം മേഖലയിലെ തൊഴിലില്ലായ്മ വരെ മലയാളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ രണ്ട് താലൂക്കുകളില്‍ വോട്ടെടുപ്പിനെ സ്വാധീനിക്കും. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇവിടുത്തെ ഭൂമിപ്രശ്‌നം ഇന്നെത്തി നില്‍ക്കുന്നത് കൂടുതല്‍ സങ്കീര്‍ണതയിലേക്കാണ്. എന്നു കുടിയിറക്കപ്പെടുമെന്ന ഭീതിവരെ ഇവിടത്തുകാര്‍ക്കുണ്ട്. നിയമത്തിന്റെ പേരില്‍ പട്ടയം നിഷേധിക്കപ്പെട്ട ആയിരങ്ങളാണ് ഇവിടെ വര്‍ഷങ്ങളായി കഴിയുന്നത്. ജനിച്ചുവളര്‍ന്ന ഭൂമിയില്‍നിന്ന് ആട്ടിയിറക്കപ്പെടുമോയെന്ന ഭീതിയിലാണ് ഈ രണ്ട് താലൂക്കുകളിലെയും കുടുംബങ്ങള്‍. കഴിഞ്ഞ 10 വര്‍ഷമായി പട്ടയ ഭൂമികള്‍ക്ക് ജില്ലാ ഭരണകൂടവും, റവന്യൂവകുപ്പും, വനംവകുപ്പും നിയമവിരുദ്ധമായി പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നു. രണ്ടു താലൂക്കൂകളിലുമായി ഏകദേശം 35,000 കുടുംബങ്ങള്‍ പട്ടയത്തിന് കാത്തിരിക്കുന്നതിനിടെയാണ് ഇവരെ ആട്ടിയിറക്കാനുള്ള നിയമത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ നിലവിലെ തമിഴ്‌നാട് സര്‍ക്കാര്‍ 1981ലെ വന നിയമത്തില്‍ ഭേദഗതിക്ക് ശ്രമം ആരംഭിച്ചത്.
നിയമസഭയില്‍ പാസാക്കിയ ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ തന്നെ. ആയിരങ്ങളെ കണ്ണീര് കുടിപ്പിക്കാനും അവരുടെ സമ്പാദ്യമെല്ലാം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നത്. സെക്ഷന്‍ 17, സെക്ഷന്‍ 16 എ, 1953ലെ ഫോറസ്റ്റ് ആക്ട്, ടി.എന്‍.സി.പി ആക്ട് എന്നിവയെ കൂട്ടുപിടിച്ചാണ് ഇവിടെ സര്‍ക്കാര്‍ ക്രൂരത. ഇതിനെതിരേ ഇവിടെ പ്രതിഷേധമുയര്‍ന്നിട്ടും നിലവിലെ എം.പി ഒരുവാക്കുപോലും മൊഴിയാത്തത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇവിടെ ആര് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നതിനെ ആശ്രയിച്ചായരിക്കും ഗൂഡല്ലൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ വീഴുന്നതും. നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തില്‍നിന്ന് ലഭിക്കേണ്ട അനുമതി ഇപ്പോള്‍ ജില്ലാ കലക്ടറാണ് നല്‍കുന്നത്. ഇതും ഭൂവിഷയവുമായി ബന്ധപ്പെട്ടാണ്. ഇതൊക്കെ വോട്ടര്‍മാരില്‍ അമര്‍ഷമുണ്ടാക്കുന്നതുമാണ്. ഇതിനെയൊക്കെ മറികടക്കാനാവുന്നവര്‍ക്ക് മാത്രമേ ഇത്തവണ നീലിഗിരി താണ്ടാന്‍ സാധിക്കൂവെന്നാണ് നീലഗിരിയിലെ വോട്ടര്‍മാര്‍ പറയുന്നത്. നിയോജക മണ്ഡലത്തില്‍ വൈദ്യുതി ലഭിക്കാത്തത് 2000ലധികം വീടുകള്‍ക്കാണ്. ആധുനിക സജ്ജീകരണങ്ങളുള്ള ഒരു ആശുപത്രി പോലും നിയോജക മണ്ഡലത്തിലില്ല. ഗര്‍ഭിണികള്‍ക്ക് പോലും മതിയായ ചികിത്സ നല്‍കാന്‍ സാധിക്കാത്ത തരത്തിലാണ് ആശുപത്രികളുടെ നിലവാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."