ലിനി എക്കാലവും ഓര്‍മിക്കപ്പെടും; സിദ്ധാര്‍ത്ഥും റിഥുലും നാടിന്റെ മക്കള്‍: മന്ത്രി
കോഴിക്കോട്: നിപാ പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ജീവത്യാഗം ചെയ്ത നഴ്‌സ് ലിനിയുടെ ഓര്‍മകളില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പിന്റെ ആദരിക്കല്‍ ചടങ്ങ്. ആ ധീരവനിതയുടെ വേദനിക്കുന്ന ഓര്‍മകളില്‍ നിപാരഹിത പ്രഖ്യാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.
നിപാ രോഗം ഒട്ടേറെ അനുഭവങ്ങളാണ് ഉണ്ടാക്കിയതെന്നും യുദ്ധമുഖത്തുള്ളതു പോലെ പ്രവര്‍ത്തിക്കാന്‍ ആരോഗ്യവിഭാഗം സന്നദ്ധമായെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിപാ നിയന്ത്രണം സാധ്യമാക്കിയ സുമനസുകളെ ആരോഗ്യവകുപ്പ് ആദരിക്കുന്ന ചടങ്ങ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നാടിനുവേണ്ടി ജീവത്യാഗം ചെയ്ത ലിനിയെ ലോകം എക്കാലവും ഓര്‍ക്കുമെന്നും മക്കളായ സിദ്ധാര്‍ത്ഥും റിഥുലും നാടിന്റെ മക്കളാണെന്നും മന്ത്രി പറഞ്ഞു.
രോഗസ്ഥിരീകരണ ഘട്ടം മുതല്‍ നിതാന്ത ജാഗ്രതയോടെ, ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ നമുക്കായി. പ്രശ്‌നത്തിന്റെ ഗൗരവം ജനങ്ങളെ ആശങ്കാകുലരാക്കാതെ ബോധ്യപ്പെടുത്തുക എന്നതു ശ്രമകരമായ ദൗത്യമായിരുന്നു. ഇതില്‍ മാധ്യമങ്ങള്‍ വസ്തുതാപരമായും സുതാര്യമായും വാര്‍ത്തകള്‍ നല്‍കി സഹകരിച്ചു. നിപാ തുടങ്ങിയതു മുതലുള്ള അനുഭവങ്ങള്‍ മന്ത്രി വേദിയില്‍ പങ്കുവച്ചു. മാരകമായ വിപത്തിനെ ജനങ്ങളുടെ ഐക്യത്തോടെയുള്ള ജാഗ്രതാപ്രവര്‍ത്തനം കൊണ്ട് നിയന്ത്രിക്കാന്‍ സാധിച്ചതായും പാരിതോഷികം പ്രതീക്ഷിച്ചു നടത്തിയ പ്രവര്‍ത്തനമായല്ല ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് ഓരോരുത്തരും നിര്‍വഹിച്ചതെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. നന്‍മയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ആകെത്തുകയാണ് നിപാ നിയന്ത്രണം സാധ്യമാക്കിയത്.
നന്മയും കാരുണ്യവും നഷ്ടപ്പെടാത്ത ലോകത്താണു നാമുള്ളതെന്നും മന്ത്രി പറഞ്ഞു. ഒരു ജനകീയ സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നിപാ നിയന്ത്രണത്തിലൂടെ കേരള സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നു ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നിപാ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കു ജീവന്‍ പണയം വച്ചും രംഗത്തിറങ്ങിയവരെ അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സദസില്‍ പ്രത്യകം ഗ്രൂപ്പുകളായി ക്ഷണിച്ച് അഭിനന്ദിച്ചു. നിപാ ബാധിതരെ പരിചരിച്ച് ജീവത്യാഗം ചെയ്ത നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുരസ്‌കാരം ഏറ്റുവാങ്ങി. കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
ജില്ലാ കലക്ടര്‍ യു.വി ജോസ്, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, ഡോ. ജി. അരുണ്‍കുമാര്‍, ഡോ. എ.എസ് അനൂപ് കുമാര്‍, ഡോ. ആര്‍.എസ് ഗോപകുമാര്‍, ഡോ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. നിപാ പോരാട്ടത്തില്‍ പങ്കു വഹിച്ച സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ദേശീയ ആരോഗ്യദൗത്യം മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന സംബന്ധിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത സാഗതവും കോഴിക്കോട് ജില്ലാ മെഡി. ഓഫിസര്‍ ഡോ. വി ജയശ്രീ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."