മത്സ്യബന്ധന തൊഴിലാളികളുടെ മരണം: കുടുംബങ്ങള്‍ക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി
കൊല്ലം: ശക്തികുളങ്ങരയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ആവശ്യമായ സംരക്ഷണവും സഹായവും നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിന് ധനസാഹയം നല്‍കണമെന്ന് ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അര്‍ഹമായ അഞ്ചു ലക്ഷം രൂപ വീതം ആശ്രിതര്‍ക്ക് നല്‍കും. ഇതിനു പുറമേ മത്സ്യഫെഡ് സൊസൈറ്റിയില്‍ അംഗത്വമുണ്ടെങ്കില്‍ അഞ്ചു ലക്ഷം രൂപ കൂടി ലഭിക്കും. ഇവ അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുവാന്‍ ഫിഷറീസ് ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശം നല്‍കി. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി 5000 രൂപ വീതം നല്‍കും. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് 1000 രൂപ വീതം നല്‍കും.
ചികിത്സക്കായി കൂടുതല്‍ സഹായം ആവശ്യമാണെങ്കില്‍ അവ നല്‍കാനും അടിയന്തര നടപടി സ്വീകരിക്കും.വള്ളവും വലയും നഷ്ടപ്പെട്ടതിനുള്ള നഷ്ട പരിഹാരം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അര്‍ഹമായ തുക ലഭ്യമാക്കാന്‍ പ്രശ്‌നം അടിയന്തരമായി മന്ത്രിസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ മന്ത്രി സന്ദര്‍ശിച്ചു. തുടര്‍ന്ന് കലക്‌ട്രേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യബന്ധന മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുടെയും അടിയന്തര യോഗവും വിളിച്ചുചേര്‍ത്തു.രക്ഷാപ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വീഴ്ച്ചയുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ മന്ത്രി ഉറപ്പു നല്‍കി. യോഗത്തില്‍ ചവറ എം എല്‍ എ വിജയന്‍പിള്ള, ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍, സിറ്റി പോലീസ് കമ്മീഷണര്‍ എസ് സതീഷ് ബിനോ, എ ഡി എം ഐ.അബ്ദുള്‍സലാം, ആര്‍ ഡി ഒ വി.രാജചന്ദ്രന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി റ്റി സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, വിവിധ സംഘടനാ പ്രതിനിധികളായ ബേയ്‌സില്‍ ലാല്‍, സുരേഷ്‌കുമാര്‍, രാജീവന്‍ കെ കൊന്നയില്‍, എം വേദവ്യാസന്‍, രവി, കെ സതീന്ദ്രന്‍, എം എം ഇക്ബാല്‍, പീറ്റര്‍ മത്യാസ്, വി കെ അനിരുദ്ധന്‍, സതീശന്‍, എം സുരേഷ്, ബി പ്രിയകുമാര്‍, എം വത്സലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."