പന്തിനെ പേടിച്ച് കിങ്‌സ് ഇറങ്ങുന്നു
ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം.എസ് ധോണിയുടെ പകരക്കാരനാവാന്‍ യോഗ്യന്‍ താന്‍ തന്നെയെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഋഷഭ് പന്തിന്റെ വെടിക്കെട്ടു ബാറ്റിങില്‍ പ്രതീക്ഷയര്‍പ്പിച്ച് ഡല്‍ഹി കാപിറ്റല്‍സ് ഇന്ന് ഐ.പി.എല്‍ സീസണിലെ രണ്ടാം മത്സരത്തിനിറങ്ങും. 2018ല്‍ ഐ.പി.എല്ലിലെ ഇന്ത്യന്‍ ടോപ് സ്‌കോററായ പന്ത് ഇത്തവണ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഏഴു സിക്‌സറും ഏഴു ബൗണ്ടറിയുമടക്കം 27 പന്തില്‍ 78 റണ്‍സാണ് അടിച്ചുകൂട്ടിയത്. 18 പന്തില്‍ അര്‍ധശതകം തികച്ച 21കാരന്റെ ഫോം തന്നെയാണ് ഡല്‍ഹിയെ നേരിടാനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അലട്ടുന്നതും. 14 മത്സരങ്ങളില്‍ നിന്ന് 684 റണ്‍സാണ് ഐ.പി.എല്ലില്‍ പന്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ ഓപണിങ് ബാറ്റ്‌സ്മാന്‍ കൂടിയായ ശിഖര്‍ ധവാനും ഫോമിലാണെന്നത് കിങ്‌സിന് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. ദക്ഷിണാഫ്രിക്കന്‍ താരം കോളിന്‍ ഇന്‍ഗ്രാമാണ് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ മറ്റൊരാള്‍. ആദ്യ മത്സരത്തില്‍ തിളങ്ങാതിരുന്ന ശ്രേയസ് അയ്യര്‍, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പൃഥ്വി ഷാ എന്നിവരില്‍ ആരെങ്കിലുമൊരാള്‍ കൂടി താളം കണ്ടെത്തിയാല്‍ കിങ്‌സിന്റെ നില പരുങ്ങലിലാവും.
അതേസമയം ബൗളര്‍മാരുടെ ഉജ്ജ്വല ഫോമിലാണ് സൂപ്പര്‍ കിങ്‌സിനു പ്രതീക്ഷ. വലിയ സ്‌കോര്‍ കണ്ടെത്തുന്നതില്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടെങ്കിലും റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ജയം നേടിക്കൊടുത്തത് നാലോവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇംറാന്‍ താഹിറിന്റെ സ്പിന്‍ മാജിക്കാണ്. ഹര്‍ഭജനും ,രവീന്ദ്ര ജഡേജയും താഹിറിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ കോഹ്‌ലി പടയുടെ പേരുകേട്ട ബാറ്റിംഗ് നിരയെ ചെന്നൈ പിടിച്ചുക്കെട്ടി. എന്നാല്‍ ചെന്നൈ ബാറ്റ്‌സ്മാന്‍മാരുടെ കഴിഞ്ഞ മത്സരത്തിലെ പ്രകടനം തീര്‍ത്തും നിരാശാവഹമായിരുന്നു.
കുറഞ്ഞ ഓവര്‍ ക്രിക്കറ്റിനു യോജിച്ച പ്രകടനം ആരും നടത്തിയില്ല. മത്സരത്തില്‍ ടീമിനായി ഏക സിക്‌സര്‍ കണ്ടെത്തിയ റായിഡു 28 റണ്‍സെടുത്തത് 42 പന്ത് നേരിട്ടാണ്.
മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണെങ്കിലും റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നേടിയ 71 റണ്‍സ് മതിയാവില്ല ഡല്‍ഹിയെ തളയ്ക്കാന്‍ എന്നുറപ്പ്. കാരണം കാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെതിരേ 20 ഓവറില്‍ നേടിയത് 213 റണ്‍സാണ്. അവരുടെ ബൗളര്‍മാരായ ഇഷാന്ത് ശര്‍മയും ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാസിഗോ റബാദയും നന്നായി പന്തെറിയുന്നുമുണ്ട്. ഏതായാലും ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനത്തിലെ പിച്ച് പതിവുപോലെ ഇന്ന് ബാറ്റിംഗിന് അനുകൂലമാവുകയാണെങ്കില്‍ ടിക്കറ്റെടുത്തവര്‍ക്ക് നല്ലൊരു ദൃശ്യവിരുന്നാവും, ആദ്യം ബാറ്റിംഗിനിറങ്ങുന്നത് ഡല്‍ഹിയാണെങ്കില്‍!.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."