മുത്തച്ഛന് പിഴവു പറ്റി; 'തീവ്രവാദി' യായി മൂന്നുമാസക്കാരനും
വാഷിങ്ടണ്‍: ഇലകോട്രാണിക് മെഷീനില്‍ ഫോം പൂരിപ്പിക്കുന്നതിനിടെ മുത്തഛന് പറ്റിയ തെറ്റ് മൂന്നു മാസക്കാരനേയും തീവ്രവാദിയാക്കി. യു.എസിലാണ് സംഭവം. തീവ്രവാദബന്ധം സംശയിച്ച് പിഞ്ചു കുഞ്ഞിനേയും കുടുംബത്തേയും മണിക്കൂറുകളോളം വിമാനത്താവളത്തില്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ട്. തന്റെ കുടുംബത്തോടൊപ്പം ആദ്യ അവധി ദിനങ്ങള്‍ ചെലവഴിക്കാനായി ഫ്‌ളോറിഡയിലേക്ക് പറക്കാനിരുന്ന ഹാര്‍വെ കെന്‍യോണ്‍ എന്ന മൂന്നു മാസക്കാരനാണ് ഈ ദുരനുഭവമുണ്ടായത്.
ഇ.എസ്.ടിഎ (ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍) യുടെ ഇമിഗ്രേഷന്‍ ഫോം പൂരിപ്പിക്കുമ്പോള്‍ മുത്തശ്ശനു പറ്റിയ കൈപ്പിഴയാണ് പിഞ്ചു കുഞ്ഞിനെ കുടുക്കിയത്. ഏതെങ്കിലും വിധത്തിലുള്ള തീവ്രവാദ, ഭീകര പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ ഇതിനുമുമ്പ് ഏര്‍പെടുകയോ ഇനി ഏര്‍പെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഉത്തരമായി നൊ എന്ന ബട്ടനു പകരം കുഞ്ഞിന്റെ മുത്തശ്ശന്‍ 62കാരനായ പോള്‍ കെനിയോണ്‍ അമര്‍ത്തിയത് യെസ് ബട്ടന്‍. പിന്നെ പറയാനുണ്ടോ. തീവ്രവാദിയുടെ കുടുംബം യാത്ര ചെയ്യുന്നു എന്നായി കാര്യം.
കുട്ടിയേയും അമ്മയേയും നേരിട്ട് വിളിച്ചു വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമാണത്രെ ഇവര്‍ക്ക് തീവ്രവാദ ബന്ധമില്ലെന്ന് ഉറപ്പു വരുത്തിയത്.
'മൂന്നു മാസം പ്രയമുള്ള കുഞ്ഞിന് എന്തു തീവ്രവാദബന്ധമാണ്. അവനെ എന്തു ചോദ്യം ചെയ്യാനാണ്. സംസാരിക്കാന്‍ അവന്‍ ആയിട്ടില്ലെന്ന് അധികൃതര്‍ക്ക് അറിയില്ലേ'- മുത്തശ്ശന്‍ രോഷാകുലനായി.
ഏതായാലും കുഞ്ഞു കെന്‍ മിടുക്കനാണ്. അവന്‍ കരയുകയോ പ്രതിഷേധിക്കുകയോ ചെയ്യാതെ പുഞ്ചിരിയോടെ ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും മുത്തശ്ശന്‍ പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
അവന്‍ ഒരു തീവ്രവാദ പ്രവര്‍ത്തനത്തിലും ഏര്‍പെട്ടിട്ടില്ല. എന്നാല്‍ അവന്റെ കയ്യില്‍ കുറച്ചു നാപ്പിപാഡ്‌സ് ഉണ്ടായിരുന്നു. ഇക്കാര്യം അധികൃതരോട് പറഞ്ഞിട്ടില്ല-പോള്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ യഥാര്‍ഥ തീവ്രവാദികളാണെങ്കിലും അവിടെ യെസ് ബട്ടന്‍ അമര്‍ത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുഞ്ഞു കെന്നിനും കുടുംബത്തിനും ആ ഫ്‌ളൈറ്റില്‍ യാത്രക്കുള്ള അവസരം നഷ്ടമായെന്നും വീണ്ടും 3000 പൗണ്ട് അടച്ച ശേഷമാണ് യാത്ര തുടര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം യു.എസ് എംബസി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."