ഇന്ത്യയിലെ ജൂത കേന്ദ്രങ്ങള്‍ക്കുനേരെ ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യയിലെ ജൂത കേന്ദ്രങ്ങള്‍ക്കുനേരെ ഭീകരാക്രമണത്തിനു സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളിലാണ് ഭീകരാക്രമണ സാധ്യതയെന്നും കരുതിയിരിക്കണമെന്നും രഹസ്യാന്വേഷണ വകുപ്പ് ഇവിടങ്ങളിലെ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐ.എസ് ആണ് ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്.
ഇതേതുടര്‍ന്ന് ഇസ്‌റാഈല്‍ എംബസിക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു. ഇക്കഴിഞ്ഞ 20നാണ് ഐ.എസിന്റേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ആദ്യസന്ദേശം പുറത്തുവന്നത്.
ഐ.എസ് വക്താവ് അബു ഹസന്‍ അല്‍ മുജാഹിറിന്റേതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലെ മുസ്‌ലിം കൂട്ടക്കുരുതിക്ക് പ്രതികാരം ചെയ്യാന്‍ അണികളെ ആഹ്വാനം ചെയ്തിരുന്നു. ഓണ്‍ലൈനിലെ രഹസ്യ ഗ്രൂപ്പുകളിലാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടത്.
തുടര്‍ന്ന് മാര്‍ച്ച് 23ന് പുറത്തുവന്ന രണ്ടാം സന്ദേശം അല്‍ ഖാഇദയുടേതാണ്. ഇന്ത്യയിലെ സിനഗോഗുകള്‍ക്കും ജൂതന്‍മാരുടെ സ്ഥാപനങ്ങള്‍ക്കും സ്മാരകങ്ങള്‍ക്കുമെതിരേ സാധ്യമായ ആക്രമണങ്ങള്‍ നടത്താന്‍ സന്ദേശത്തില്‍ പറയുന്നു.
ക്രൈസ്റ്റ്ചര്‍ച്ചില്‍ ആക്രമണം നടത്തിയ ഭീകരവാദി 29 കാരനായ ബ്രന്റന്‍ ടെറന്റ് വലതുപക്ഷ തീവ്രനിലപാടുകള്‍ ഉള്ളയാളാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഇയാള്‍ 2016ല്‍ ഇസ്‌റാഈല്‍ സന്ദര്‍ശനം നടത്തിയിരുന്നു. മൂന്നുമാസത്തെ സന്ദര്‍ശക വിസയില്‍ 2016 ഒക്ടോബറില്‍ ഇസ്‌റാഈലിലെത്തിയ ടെറന്റ് ഒന്‍പതു ദിവസമാണ് അവിടെ തങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."