മുട്ടില്‍ സ്കൂളില്‍ അടല്‍ ടിങ്കറിങ് ലാബ്(എ.ടി.എല്‍) ഇന്ന് തുറക്കും
മുട്ടില്‍: സാങ്കേതിക വിദ്യ ഉപയോഗിച്ച് നൂതനാശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനും കണ്ടെത്താനും പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന അടല്‍ ടിങ്കറിങ് ലാബ്(എ.ടി.എല്‍) പ്രവര്‍ത്തന സജ്ജം.
20 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലയിലെ രണ്ടാമത്തേതും എയ്ഡഡ് സ്കൂളുകളിലെ ആദ്യത്തേതുമായ എ.ടി.എല്‍ ലാബ് മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്ഥാപിച്ചിരിക്കുന്നത്. 2020ഓടെ രാജ്യത്ത് ഒരു മില്ല്യന്‍ ചൈല്‍ഡ് ഇന്നവേറ്റര്‍മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഉന്നത നിലവാരമുള്ള വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില്‍ എ.ടി.എല്‍ ലാബ് സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത്. പ്രാദേശികാടിസ്ഥാനത്തില്‍ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം. കുട്ടികളിലെ നവീന ആശയങ്ങളും പുതിയ ചിന്തകളും ലാബില്‍ പ്രാവര്‍ത്തികമാക്കാനാവും. ഇന്റര്‍നെറ്റ് സൗകര്യം അടിസ്ഥാനപ്പെടുത്തിയാണ് പഠനവും പരിശീലനവും നടക്കുക. 30 കുട്ടികള്‍ക്ക് വീതമാണ് ഓരോ ബാച്ചിലും പരിശീലനം നല്‍കുന്നത്. ത്രിഡി പ്രിന്റ്ര്, ടാബ്, പ്രൊജക്ടറുകള്‍, ഇലക്ട്രോണിക്സ് ഡിവൈസ്, ഡി.ഐ.വൈ.കിറ്റുകള്‍, റോബോട്ടിക്സ്, ഇന്റര്‍നെറ്റ് സൗകര്യം, കംപ്യൂട്ടറുകള്‍,തുടങ്ങി എല്ലാ സൗകര്യങ്ങളും എ.ടി.എല്‍ ലാബില്‍ ലഭ്യമാവും. മുട്ടില്‍ സ്കൂളിലെ പ്രവര്‍ത്തന സജ്ജമായ എ.ടി.എല്‍ ലാബിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടിന് സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ എം.എ മുഹമ്മദ് ജമാല്‍ നിര്‍വഹിക്കും.സ്കൂള്‍ സ്കോളേഴ്സ് മീറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം അധ്യക്ഷനാവും. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ. പ്രഭാകരന് മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."