ഇല്ലാതായത് സംഘ്പരിവാറുകാര്‍ പ്രതികളായ ആറ് കേസുകള്‍
ന്യൂഡല്‍ഹി: 2007ലെ സംത്സോധ ഭീകരാക്രമണ കേസ് പ്രതികളെക്കൂടി കോടതി വെറുതെ വിട്ടതോടെ എന്‍.ഐ.എ ഏറ്റെടുത്ത ശേഷം ഇല്ലാതായത് സംഘ്പരിവാറുകാര്‍ പ്രതികളായ ആറു ഭീകരാക്രമണ കേസുകള്‍. സംത്സോധയ്ക്ക് പുറമെ അജ്മീര്‍ ദര്‍ഗ, മക്കാമസ്ജിദ്, മൊഡാസ, മലേഗാവിലെ രണ്ട് സ്‌ഫോടനങ്ങള്‍ എന്നീ കേസുകളാണ് ഇല്ലാതായത്. ആറു സ്‌ഫോടനങ്ങളും നടത്തിയത് ആര്‍.എസ്.എസ്സുമായും ബി.ജെ.പി നേതൃത്വവുമായും ബന്ധമുള്ള അസീമാനന്ദയുള്‍പ്പെടുന്ന ഒരേ സംഘമാണ്.
2007 ഒക്ടോബര്‍ 11ന് നടന്ന അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ല്‍ രാജസ്ഥാന്‍ ഭീകര വിരുദ്ധ സംഘം ഈ കേസിന്റെ അന്വേഷണം എന്‍.ഐ.എക്ക് കൈമാറും വരെ കേസ് ശക്തമായി മുന്നോട്ടു പോയി.
അസീമാനന്ദ, ദേവേന്ദ്രഗുപ്ത, ചന്ദ്രശേഖര്‍ ലെവെ, ലോകേശ് ശര്‍മ്മ, മുകേഷ് വാസനി, ഭരത് മോഹന്‍ലാല്‍ രതീശ്വര്‍, സന്ദീപ് ദാംഗെ, രാമചന്ദ്ര കല്‍സാങ്ങ്‌റെ, സുനില്‍ ജോഷി, ഭാവേഷ് ഭായ് പാട്ടില്‍, മലയാളിയായ സുരേഷ് നായര്‍, ഹര്‍ഷദ് സോളങ്കി, മേഹുല്‍ എന്ന മഹേഷ്ഭായ് ഗോഹില്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. എല്ലാവരും ആര്‍.എസ്.എസ്സുകാരാണ്. ഇതില്‍ സുനില്‍ ജോഷി കൊല്ലപ്പെട്ടു. ദാംഗെയും കല്‍സാങ്ങ്‌റെയും ഒളിവിലാണ്. ഇവരെ കൊലപ്പെടുത്തിയെന്നും മൊഴിയുണ്ട്. 2014 ജൂണില്‍ തുടങ്ങിയ വിചാരണ 2017 മാര്‍ച്ച് എട്ടിന് ജയ്പൂര്‍ പ്രത്യേക കോടതിയില്‍ അവസാനിച്ചു.
ദേവേന്ദ്രഗുപ്ത, ഭാവേഷ് ഭായ് പാട്ടില്‍ എന്നിവരെ മാത്രം ജീവപര്യന്തം ശിക്ഷിച്ചു. ബാക്കിയുള്ള അസീമാനന്ദയുള്‍പ്പടെയുള്ള എല്ലാ പ്രതികളെയും വെറുതെവിട്ടു. സി.ബി.ഐ ചെയ്യാറുള്ള പോലെ എന്‍.ഐ.എ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കിയില്ലെന്ന് പിന്നീട് കേസിലെ പ്രോസിക്യൂട്ടര്‍ അശ്വനി ശര്‍മ്മ കുറ്റപ്പെടുത്തി.
2007 മെയ് 18നാണ് ഹൈദരാബാദ് മക്കാമസ്ജിദില്‍ സ്‌ഫോടനം നടക്കുന്നത്. സംഭവത്തില്‍ നിരവധി മുസ്്‌ലിംകളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സംഘ്പരിവാറുകാരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പുറത്തുവന്നതോടെ 2010 ഡിസംബറില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറി.
2011 ഏപ്രിലില്‍ എന്‍.ഐ.എ കേസ് ഏറ്റെടുത്തു. 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. അജ്മീര്‍ കേസിലെ പ്രതികളെക്കൂടാതെ രാജേന്ദ്രര്‍ ചൗധരി, തേജ്‌റാം പര്‍മാര്‍, അമിത് ചൗഹാന്‍ എന്നീ മൂന്നു പേര്‍ പുതുതായുണ്ടായിരുന്നു.
2014 ഫെബ്രുവരിയില്‍ ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയെങ്കിലും വിചാരണ തുടങ്ങുന്നത് 2016ല്‍ ആണ്. 2018 ഏപ്രില്‍ 16ന് എല്ലാ പ്രതികളെയും വെറുതെ വിട്ടു. ആകെയുള്ള 266 സാക്ഷികളില്‍ 66 പ്രധാന സാക്ഷികള്‍ കൂറുമാറി. മലേഗാവ് കേസില്‍ ഇതേ സംഘത്തോടൊപ്പം പ്രതിയായ കേണല്‍ ശ്രീകാന്ത് പുരോഹിതായിരുന്നു പ്രോസിക്യൂഷന്‍ സാക്ഷികളിലൊരാള്‍.
2008 സെപ്റ്റംബര്‍ 29ലെ ഗുജറാത്ത് മൊഡാസ സ്‌ഫോടനത്തിലും ഇതേ സംഘമാണുണ്ടായിരുന്നത്. ആദ്യമന്വേഷിച്ച സംഘം കേസ് മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ 2015 മെയില്‍ എന്‍.ഐ.എ കേസ് അവസാനിപ്പിച്ചു. 2006ലെയും 2008ലെയും മലേഗാവ് സ്‌ഫോടനങ്ങളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.
കേസില്‍ നിന്ന് പ്രജ്ഞാസിങ് താക്കൂര്‍ പോലുള്ള പ്രതികളെ പിന്നീട് എന്‍.ഐ.എ ഒഴിവാക്കി. അസീമാനന്ദ സ്‌ഫോടന ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നെങ്കിലും കേസില്‍ പ്രതിചേര്‍ത്തില്ല. കേസ് ഇല്ലാതാക്കാന്‍ എന്‍.ഐ.എ ശ്രമം നടത്തുന്നുവെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ രോഹിണി സാലിയന്‍ ആരോപിച്ചിരുന്നു. രണ്ടാം മലേഗാവ് കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ നടത്തിയ അന്വേഷണമാണ് രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ ആര്‍.എസ്.എസ്സിനും ഹിന്ദുത്വസംഘടനകള്‍ക്കുമുള്ള പങ്ക് വെളിച്ചത്ത് കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."