നിങ്ങള്‍ക്ക് സ്വാഗതം... അഡോറയുടെ 'എയ്ഞ്ചല്‍സി'ലേക്ക്
കമ്പളക്കാട്: കമ്പളക്കാട് ടൗണിന്റെ ഹൃദയ ഭാഗത്ത് ഇന്നലെ ഒരു വസ്ത്രശാല തുറന്നിട്ടുണ്ട്.
നിങ്ങള്‍ക്കൊക്കെ അവിടേക്ക് വരാം. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും. നിങ്ങളുടെ വസ്ത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്വമനസാലേ കൊടുക്കാനുമായി. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ പോക്കറ്റിന്റെ തൂക്കം നോക്കാതെ തിരഞ്ഞെടുക്കാന്‍ സാഹചര്യമൊരുക്കുകയാണ് ഇവിടെ ഒരുകൂട്ടം നന്മയുടെ മുഖങ്ങള്‍. സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി ഒന്നര പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന അഡോറ(ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓപറേഷന്‍സ് ഇന്‍ റൂറല്‍ ഏരിയാസ്) എന്ന സന്നദ്ധ സംഘടനയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ക്ക് ലാഭേച്ഛയേതുമില്ല. ഉള്ളത് എല്ലാവരുടെയും മനസിലും മുഖത്തും സന്തോഷം ജ്വലിച്ച് നില്‍ക്കണമെന്നത് മാത്രം. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയില്‍ അഡോറയുടെ എയ്ഞ്ചല്‍സ് കളക്ഷന്‍സ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. എന്നാല്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി മേഖലകളിലുള്ളവര്‍ക്ക് ഇവിടെ എത്തിപ്പെടുകയെന്നത് ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഈ സാഹചര്യത്തിലാണ് കമ്പളക്കാടിന്റെ നന്മയെയും കൂട്ടുപിടിച്ച് അഡോറയുടെ എയ്ഞ്ചല്‍സ് കളക്ഷന്‍സിന്റെ ഒരു ബ്രാഞ്ച് ഇവിടെയും അഡോറ തുടങ്ങിയത്. നിങ്ങള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ കീറിയതും പഴകിയതുമല്ലാത്തത് അലക്കി വൃത്തിയാക്കി അയണ്‍ ചെയ്ത് നിങ്ങള്‍ വസ്ത്രശാലയില്‍ എത്തിച്ചാല്‍ അവ അവിടുത്തെ അഡോറയുടെ പ്രവര്‍ത്തകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കും.
പുത്തന്‍ വസ്ത്രങ്ങളാണ് നിങ്ങള്‍ വാങ്ങി നല്‍കുന്നതെങ്കില്‍ അതിലേറെ സന്തോഷത്തോടെയും അവിടെ സ്വീകരിക്കും. സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ നല്ല വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കാനാവാതെ പോകുന്ന നമ്മുടെ കുടപ്പിറപ്പുകള്‍ക്ക് ഒരുകൈ സഹായം നല്‍കാന്‍ നിങ്ങളും അഡോറയിലേക്ക് വരണം.
സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ പുത്തന്‍ വസ്ത്രങ്ങളും പാദരക്ഷകളും അന്യമായി പോയെന്ന് കരുതുന്ന കുടപ്പിറപ്പുകളും അഡോറയിലേക്ക് വരണം. അഡോറ എയ്ഞ്ചല്‍സ് നമ്മുടെയെല്ലാം സ്ഥാപനമാണ്. അവിടെ ഔദാര്യമെന്നൊന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവ തികച്ചും സൗജന്യമായി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. നിറഞ്ഞ മനസോടെ തന്നെ. വിവിധ പദ്ധതികളാണ് ഇത്തരത്തില്‍ അഡോറയുടെ കീഴില്‍ നടക്കുന്നത്.
വസ്ത്രാലയത്തില്‍ തന്നെ വെഡ്ഡിങ് സെക്ഷനും ഒരുക്കുന്നുണ്ട്. ഒപ്പം എയ്ഞ്ചല്‍സ് ഗിഫ്റ്റ് എന്ന പേരില്‍ നിരാലംബരുടെ വിവാഹങ്ങള്‍ക്ക് സുമനസുകളുടെ സമ്മാനമായി സ്വര്‍ണവും പണവും നല്‍കിയും ഇവര്‍ക്ക് വ്യത്യസ്തരാവുകയാണ്. ആശ്രയമറ്റ രോഗികള്‍ക്ക് നന്മയുടെ സാന്ത്വനമായി എയ്ഞ്ചല്‍ ഹീലിങ് എന്ന പേരില്‍ സാന്ത്വന സ്പര്‍ശവും അഡോറ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."