ഡല്‍ഹിയിലെ കൂട്ടമരണം: ദുര്‍മന്ത്രവാദമെന്ന് സംശയം
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമുള്ളതായി സംശയം. ഈ സംശയം ബലപ്പെടുത്തുന്ന രീതിയിലുള്ള കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലിസ് പറയുന്നു. രണ്ട് രജിസ്റ്ററുകളിലായാണ് കുറിപ്പുകള്‍ കണ്ടെത്തിയത്. 2017മുതലുള്ള നിര്‍ദ്ദേശങ്ങളാണ് ഇതില്‍ എഴുതപ്പെട്ടിട്ടുള്ളത്. മനുഷ്യ ശരീരം ക്ഷണികമാണെന്നും കണ്ണും വായും മൂടിക്കെട്ടുന്നതോടെ ഭയത്തെ അതിജീവിക്കാമെന്നുമൊക്കെ കുറിപ്പുകളില്‍ പറയുന്നു.
ഏഴു സ്ത്രീകളും നാലു പുരുഷന്മാരും മൂന്ന് ചെറിയ കുട്ടികളും ഉള്‍പ്പെടുന്നവരാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത് . പത്തുപേരെ തൂങ്ങിമരിച്ച നിലയിലും 75 വയസുള്ള ഒരുവൃദ്ധയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെയെല്ലാം കണ്ണുകള്‍ മൂടിക്കെട്ടുകയും കൈകള്‍ കൂട്ടിക്കെട്ടുകയും ചെയ്തനിലയിലായിരുന്നു. ചിലരുടെ വായും മൂടിക്കെട്ടിയിരുന്നു.
ബുരാരി പ്രദേശത്ത് പലചരക്ക് കട നടത്തിയിരുന്ന ഭാട്ടിയ കുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 77 കാരിയായ നാരായണ്‍ ദേവി, ഇവരുടെ മക്കളായ ഭവനീഷ് ഭാട്ടിയ (50), ലളിത് ഭാട്ടിയ (45) ഇവരുടെ മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബമാണ് മരിച്ചത്.
സാധാരണഗതിയില്‍ രാവിലെ ആറുമണിക്കാണ് ഇവരുടെ കട തുറക്കാറ്. ഇന്നലെ ഏഴര ആയിട്ടും കട തുറക്കാതിരുന്നതിനെതുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ദാരുണമായ രംഗങ്ങള്‍ കണ്ടത്.
രാജസ്ഥാനില്‍ നിന്ന് 22 വര്‍ഷം മുന്‍പു ബുറാഡിയിലെ സന്ത് നഗറില്‍ സ്ഥിരതാമസമാക്കിയ കുടുബത്തിനു പലചരക്കിന്റെയും പ്ലൈവുഡിന്റെയും ബിസിനസാണ്. രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ വീടും താഴെ കടയുമാണ്. നാരായണിക്കു രാജസ്ഥാനില്‍ ഒരു മകന്‍ കൂടിയുണ്ട്. ഡല്‍ഹിയിലെത്തിയ ഇയാളില്‍ നിന്നു പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."