തൈകൂട്ടം തൂക്കുപാലം പുനര്‍നിര്‍മാണത്തിന് നടപടിയില്ല
അന്നമനട: പ്രളയത്തില്‍ തകര്‍ന്ന തൈകൂട്ടം തൂക്കുപാലം പുനര്‍നിര്‍മാണത്തിന് നടപടിയില്ല. കാടുകുറ്റി പഞ്ചായത്തിനേയും അന്നമനട പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന തൈക്കൂട്ടം തൂക്കുപാലം പ്രളയത്തില്‍ തകര്‍ന്നതോടെ ഇരു പഞ്ചായത്തുകളിലേയും നൂറുകണക്കിനാളുകളാണ് യാത്രാ ദുരിതത്തില്‍ അകപ്പെട്ടത്. പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയപ്പോള്‍ പുഴയിലൂടെ ഒഴുകിയെത്തിയ കൂറ്റന്‍ മരങ്ങളും തടികളും വന്നിടിച്ചാണ് തൂക്കുപാലം തകര്‍ന്നത്. വെള്ളം ഇറങ്ങിയപ്പോഴാണ് യാത്രചെയ്യാന്‍ കഴിയാത്ത വിധം തൂക്കുപാലം രണ്ടായി വേര്‍പെട്ടത്. പാലത്തിന്റെ കൈവരിയിലെ ഗ്രില്ലുകളും തകര്‍ന്ന നിലയിലാണ്. നടപ്പാത ഇളകിയും ചെളി നിറഞ്ഞും കിടക്കുകയാണ്. പാലത്തിന്റെ അറ്റകുറ്റപണിയുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന തര്‍ക്കമാണ് നടപടി നീളുന്നതിന്റെ കാരണം. കാടുകുറ്റി പഞ്ചായത്തിനാണ് ഉത്തരവാദിത്വം എന്ന് നാട്ടുകാര്‍ പറയുമ്പോള്‍ റവന്യൂ വകുപ്പിന്റെ വകയാണ് പാലമെന്ന് പഞ്ചായത്തും പറയുന്നു. പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. 2013 ജൂണിലാണ് തൈക്കൂട്ടം തൂക്കുപാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. റവന്യൂ വകുപ്പിന്റെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 1.16 കോടി രൂപ ചെലവഴിച്ചാണ് തൂക്കുപാലം നിര്‍മിച്ചത്. അന്നമനടയേയും കാടുകുറ്റിയേയും ബന്ധിപ്പിക്കുന്ന പാലം ഈ പ്രദേശങ്ങള്‍ക്കിടയില്‍ എട്ട് കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ സഹായിച്ചു. പാലം സഞ്ചാര യോഗ്യമല്ലാതായതോടെ വിദ്യാര്‍ഥികളടക്കം നിരവധി ആളുകള്‍ ഇരുകര പറ്റാന്‍ കഴിയാതെ വിഷമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."