ജില്ലയിലെ ശിശുവികസന ഓഫിസുകളില്‍ നാഥനില്ല !
ഏഴിടത്ത് സ്ഥാപന മേധാവികളില്ലാതായിട്ട് ഒന്നരമാസം
ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റി
നടപടിയെടുക്കാതെ സാമൂഹ്യ നീതി വകുപ്പ്
കൊട്ടിയം: ജില്ലയിലെ ഏഴു ശിശു വികസന ഓഫിസുകളില്‍ മേധാവികളില്ലാതായിട്ട് ഒന്നര മാസം. അങ്കണവാടികളുടെ പ്രവര്‍ത്തനം താളംതെറ്റുന്ന സ്ഥിതിയിലാണ്.
ഇത്രയേറെ സ്ഥലത്ത് മേധാവികളില്ലാതിരുന്നിട്ടും ജില്ലാ സാമൂഹ്യ നീതി വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.ആകെ 21 ഐ.സി.ഡി.എസ് ഓഫിസുകളാണ് ജില്ലയിലുള്ളത്. ഇവയില്‍ പത്തനാപുരം, മുഖത്തല, ശാസ്താംകോട്ട, ശാസ്താംകോട്ട അഡീഷണല്‍, പുനലൂര്‍, കൊല്ലം അര്‍ബന്‍ - 1, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് ഒന്നരമാസമായി സ്ഥാപന മേധാവികളായ ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫിസര്‍മാര്‍ (സി.ഡി.പി.ഒ) ഇല്ലാത്തത്.
മേധാവികളില്ലാതായതോടെ ഇവിടെ പ്രവര്‍ത്തനങ്ങള്‍ ജീവനക്കാര്‍ക്ക് തോന്നുംപടിയാണ്. പഞ്ച് ചെയ്ത ശേഷം ഇറങ്ങി, ഫീല്‍ഡ് വിസിറ്റെന്ന പേരില്‍ സ്വന്തം കാര്യത്തിനായി പലയിടത്തും കറങ്ങി നടക്കുന്ന സൂപ്പര്‍വൈസര്‍മാരും ഇക്കൂട്ടത്തിലുണ്ട്. ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചാല്‍ കൃത്യമായ മറുപടി നല്‍കാന്‍ പോലും ഏഴിടത്തും ആരുമില്ലാത്ത സ്ഥിതിയാണ്.
എല്ലായിടത്തും സീനിയര്‍ സൂപ്പര്‍വൈസര്‍മാര്‍ക്കാണ് പകരം ചുമതല. എന്നാല്‍ സ്വന്തം ജോലി ചെയ്തു തീര്‍ക്കാന്‍ പോലും സമയമില്ലാതിരിക്കുമ്പോഴാണ് അധിക ചുമതല കൂടി നല്‍കിയതെന്നാണ് ഇവര്‍ പറയുന്നത്. പുതിയ ആളുകളെ ഉടന്‍ നിയമിക്കുമെന്ന് ഡയറക്ടറേറ്റില്‍ നിന്ന് പറയാന്‍ തുടങ്ങിയിട്ട് ആഴ്ചകളായെന്നും ഇതുവരെയും തുടര്‍നടപടിയുണ്ടായില്ലെന്നുമാണ് ജില്ലാ ഓഫിസ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ മെയ് 31 നും അതിനുമുന്‍പുമായിട്ടാണ് ഏഴിടത്തും പ്രോഗ്രാം ഓഫിസര്‍മാര്‍ വിരമിച്ചത്. പകരം ആളെ നിയമിക്കാതെ തിരുവനന്തപുരത്തെ സാമൂഹ്യ നീതി ഡയറക്ടറേറ്റ് ഓഫിസ് അധികൃതര്‍ ഒളിച്ചു കളിക്കുകയാണെന്ന് സൂപ്പര്‍വൈസര്‍മാര്‍ പറയുന്നു. ചില ഐ.സി.ഡി.എസ് ഓഫീസര്‍മാരുടെ സീറ്റുകള്‍ ഉറപ്പിക്കാന്‍ ഇടതു സംഘടനകള്‍ വഴിവിട്ട നീക്കം നടത്തുന്നതായും ആക്ഷേപമുണ്ട്.
അതിനിടെ ജില്ലയിലെ അങ്കണവാടികള്‍ പലതും കൃത്യസമയത്ത് തുറക്കുന്നില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് പരാതിയുണ്ട്. രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് ഇവയുടെ പ്രവര്‍ത്തനസമയം. വൈകിട്ട് മൂന്നിന് തന്നെ അടച്ചിട്ടു പോകുന്ന അങ്കണവാടികളുമുണ്ടത്രെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."