ആര്യനാട്ടില്‍ ഭീതിവിതച്ച് തേനീച്ചക്കൂടുകള്‍
ആര്യനാട്: വിതുര ആര്യനാട് റോഡില്‍ പറണ്ടോട് ചേരപ്പള്ളിക്കു സമീപമുള്ള മരത്തിലെ തേനീച്ചക്കൂടുകള്‍ ഭീതിവിതയ്ക്കുന്നു. റോഡരികില്‍ നില്‍ക്കുന്ന കൂറ്റന്‍ ആഞ്ഞിലി മരത്തിലെ ഏഴോളം തേനീച്ചക്കൂടുകളാണു പ്രദേശവാസികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. കഴിഞ്ഞദിവസം ഇവ കൂട്ടത്തോടെ തൊഴിലുറപ്പു ജോലി കഴിഞ്ഞ് മടങ്ങിയ രണ്ടു വീട്ടമ്മമാര്‍ ഉള്‍പ്പെടെ ആറുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഇവര്‍ ആര്യനാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. രാത്രിയിലും ഇവയെ ഭയന്നാണു കഴിയുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വെളിച്ചം കാണുന്ന ഭാഗത്ത് ഒറ്റയ്ക്കും കൂട്ടമായും തേനീച്ചകള്‍ എത്തുന്നതോടെ വാതിലോ ജനലോ തുറന്നിടാന്‍ കഴിയുന്നില്ല. ഇവയുടെ ശല്യം കാരണം കുട്ടികള്‍ക്കു സ്വസ്ഥമായി പുറത്തിറങ്ങി കളിക്കാനോ പഠിക്കാനോ സാധിക്കുന്നില്ലെന്നും പ്രദേശത്തുള്ളവര്‍ പറയുന്നു. ആറുമാസം മുന്‍പ് ഒരു കൂട് മാത്രമാണ് ആഞ്ഞിലി മരത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ കൂടുകളുടെ എണ്ണം പെരുകി. ഉള്‍വനത്തില്‍ കാണുന്ന തൂക്കുകൂടുകളാണ് ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലെ മരങ്ങളില്‍ കാണുന്നത്.
തേനീച്ചശല്യത്തെ കുറിച്ച് നിരവധി തവണ നാട്ടുകാര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടെ പരാതിപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. വിതുര, ആര്യനാട്, കാട്ടാക്കട, പൂവച്ചല്‍, കുറ്റിച്ചല്‍, ഉഴമലയ്ക്കല്‍, നെയ്യാറ്റിന്‍കര ഭാഗങ്ങളിലേക്കു പോകുന്നതിനായുള്ള പ്രധാനപാതയിലെ മരത്തിലാണു ഇവ കൂടുകൂട്ടിയത്. കൂടാതെ നിരവധി സ്‌കൂള്‍ വാഹനങ്ങളും ഈ മരത്തിനു സമീപത്തുകൂടിയാണു കടന്നുപോകുന്നത്. രണ്ടുമാസം മുന്‍പ് വിതുരയില്‍ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവ നീക്കം ചെയ്യാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."