ബൈക്ക് അഭ്യാസവും പൂവാലശല്യവും; പൊറുതിമുട്ടി വിദ്യാര്‍ഥികള്‍
വര്‍ക്കല: വര്‍ക്കലയിലെ വിവിധ സ്‌കൂളുകളിലേക്കുള്ള റോഡുകളില്‍ ഇരുചക്ര വാഹനങ്ങളുടെ അഭ്യാസവും പൂവാലശല്യവും വിദ്യാര്‍ഥികളില്‍ ഭീതി സൃഷ്ടിക്കുന്നു. വര്‍ക്കല എസ്.എന്‍ കോളജ്, വര്‍ക്കല ക്ഷേത്രം, താഴെവെട്ടൂര്‍, പാലച്ചിറ എസ്.എന്‍ കോളജ് എന്നീ റോഡുകളിലാണു രാവിലെയും വൈകിട്ടും അമിതവേഗതയിലെത്തുന്ന ബൈക്കുകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.
മൂന്നുപേരുമായി ബൈക്കില്‍ പെണ്‍കുട്ടികള്‍ക്കിടയിലൂടെ വെട്ടിച്ചും തിരിച്ചും അപകടമുണ്ടാക്കുന്ന രീതിയിലാണു പൂവാലന്മാരുടെ സഞ്ചാരം.
പരീക്ഷാക്കാലമായിട്ടും പൂവാലശല്യത്തിനു കുറവില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ശരീരത്തില്‍ തട്ടുന്നവിധം ബൈക്കോടിക്കുക, അശ്ലീലം പറയുക, പ്രണയാഭ്യര്‍ഥന നടത്തുക, മൊബൈല്‍ ഫോണില്‍ ചിത്രമെടുക്ക തുടങ്ങിയവയാണ് ഇവരുടെ പ്രധാന വിനോദങ്ങള്‍. ആളൊഴിഞ്ഞ ഭാഗങ്ങളിലെത്തുമ്പോള്‍ ഇത്തരം പ്രവൃത്തികള്‍ വര്‍ധിക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. അമിതവേഗതയില്‍ ബഹളംവച്ചുള്ള പൂവാലന്മാരുടെ യാത്ര മറ്റു കാല്‍നട യാത്രികര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്.
വെട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡിലാണു പൂവാലന്മാരുടെ ശല്യം ഏറെയുള്ളത്. ബസുകള്‍ കുറവായതിനാല്‍ വെട്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ വര്‍ക്കലയില്‍നിന്ന് വരുന്നതും തിരിച്ചുപോകുന്നതും കാല്‍നടയായാണ്. താഴെ വെട്ടൂര്‍ മുതല്‍ രാമന്തളി വരെ ഇവര്‍ പെണ്‍കുട്ടികളെ ബൈക്കുകളില്‍ പിന്തുടരുകയാണ്. വര്‍ക്കല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡിലും വള്ളകടവ് റോഡിലുമാണു പൂവാലന്മാര്‍ പ്രധാനമായും വിഹരിക്കുന്നത്.
ശിവഗിരി കോളജ് റോഡിലും ചീറിപ്പായുന്ന ബൈക്കുകള്‍ യാത്രക്കാര്‍ക്കു ഭീഷണിയാണ്. ലൈസെന്‍സ് ഇല്ലാതെയാണു കൂടുതല്‍പേരും വാഹനം ഓടിക്കുന്നത്. അതേസമയം ചീറിപ്പായുന്ന ബൈക്കുകള്‍ പിന്തുടര്‍ന്നാല്‍ അപകടങ്ങള്‍ ഉണ്ടാകുമെന്ന ഭീതിയില്‍ പൊലിസ് അതിനു ശ്രമിക്കാറില്ല. അതുകൊണ്ടുതന്നെ സ്‌കൂള്‍ റോഡുകളില്‍ വാഹന പരിശോധനയും കുറവാണ്. വര്‍ക്കല നഗരത്തിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവരെയും പൂവാലന്മാരെയും കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."