അവധിക്കാലം അടിച്ചുപൊളിക്കാം, കനകക്കുന്നില്‍
തിരുവനന്തപുരം: അവധിക്കാലം ഉത്സവമാക്കാന്‍ കനകക്കുന്ന് ഒരുങ്ങുന്നു. ഏപ്രില്‍ അഞ്ചുമുതല്‍ 15 വരെ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന 'കനകോത്സവ'മാണ് വന്‍ ആഘോഷങ്ങളൊരുക്കി കാണികളെ കാത്തിരിക്കുന്നത്. നഗരസഭയുടെയും സിസയുടെയും സഹകരണത്തോടെയാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ദേശീയ മാധ്യമ എക്‌സിബിഷന്‍, സിനിമാ താരങ്ങളുടെ നൃത്തോത്സവം, ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം, ചക്ക മഹോത്സവം, മാമ്പഴ ഫെസ്റ്റ്, വാഴ മഹോത്സവം, അലങ്കാര മത്സ്യ പ്രദര്‍ശനം, മെഡിക്കല്‍ എക്‌സ്‌പോ, ബാലഭാസ്‌ക്കര്‍ സ്മാരക ബാന്‍ഡ് ഡി.ജെ മത്സരങ്ങള്‍, ദേശീയ ഫോട്ടോഗ്രഫി മത്സരം തുടങ്ങിയ പരിപാടികളാണു കനകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ലക്ഷത്തോളം കാണികള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സിനിമാ താരങ്ങള്‍ എന്നിവര്‍ മേള സന്ദര്‍ശിക്കും. കനകോത്സവത്തില്‍ വിരുന്നെത്തുന്നവര്‍ക്കായി കൗതുകം വരിയിക്കുന്ന നിരവധി സ്റ്റാളുകളാണ് ഒരുങ്ങുന്നത്. ഇന്ത്യയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഓള്‍ ഇന്ത്യ റേഡിയോയുടെയും വി.എസ്.എസ്.സിയുടെയും സ്റ്റാളുകള്‍ വ്യത്യസ്തത പുലര്‍ത്തും. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ വിശദമാക്കുന്ന ഇന്ത്യന്‍ ആര്‍മിയുടെ സ്റ്റാള്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജും ശ്രീ ചിത്ര മെഡിക്കല്‍ സെന്ററും അണിയിച്ചൊരുക്കുന്ന മെഡിക്കല്‍ എക്‌സ്‌പോ എന്നിവ കാഴ്ചക്കാര്‍ക്കു പുതിയ അനുഭവമാകും.
ഇതിനുപുറമെ വാര്‍ത്താ ചാനലുകളുടെ ന്യൂസ് റൂമില്‍ നിന്നുള്ള തത്സമയ കാഴ്ചകളും മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോ, കാര്‍ട്ടൂണ്‍ എക്‌സിബിഷനുകളും ഒരുക്കുന്നുണ്ട്. പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൈബര്‍ ഡോം ഒരുക്കുന്ന സ്റ്റാള്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും അവയുടെ വ്യാപ്തിയെക്കുറിച്ചും വിശദമാക്കും. നിയമസഭ, ഇലക്ഷന്‍ കമ്മിഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, വനം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പുരാവസ്തു, തപാല്‍ തുടങ്ങിയ വിഭാഗങ്ങളുടെ എക്‌സിബിഷനും അറിവും ആനന്ദവും പകര്‍ന്നു നല്‍കുന്നതാകും. വര്‍ത്തമാന പത്രങ്ങള്‍ അച്ചടിച്ചിരുന്ന കല്ലച്ച് മുതല്‍ ആധുനിക അച്ചടി സംവിധാനങ്ങള്‍ വരെ പരിചയപ്പെടുത്തുന്ന മാധ്യമ ചരിത്ര പ്രദര്‍ശനം, അഖിലേന്ത്യാ ഫോട്ടോഗ്രഫി മത്സരം, കാലത്തിന്റെ സ്പന്ദനമുള്‍ക്കൊള്ളുന്ന കലാവിരുന്നുകള്‍ എന്നിങ്ങനെയുള്ള പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."