ആറ്റിങ്ങലില്‍ വേനല്‍ച്ചൂടിലും തളരാതെ സ്ഥാനാര്‍ഥികള്‍
ആറ്റിങ്ങല്‍: കൊടുംചൂടിലും തളരാതെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനങ്ങളിലേക്കിറങ്ങി സ്ഥാനാര്‍ഥികള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എ. സമ്പത്ത് വാഹന പര്യടനത്തിലും യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ചും വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ പ്രമുഖരുടെ പിന്തുണയും അനുഗ്രഹവും തേടി രംഗത്തുണ്ട്. സമ്പത്തിന്റെ മൂന്നാംദിന വാഹനപര്യടനം ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും എത്തി.
അടൂര്‍ പ്രകാശ് കിളിമാനൂര്‍ ജങ്ഷനിലും പരിസരപ്രദേശങ്ങളിലും വോട്ടുതേടി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു. തുടര്‍ന്ന് ആലംകോട് ജങ്ഷനിലെത്തി വ്യാപാര സ്ഥാപനങ്ങളിലും മറ്റും വോട്ടുതേടി മണ്ഡലത്തിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികളും കേട്ടു. ഉച്ചയ്ക്കു ശേഷം മൂന്നിനു കരകുളത്തെത്തി വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് അരുവിക്കര നിയോജക മണ്ഡലം കണ്‍വന്‍ഷനിലും പങ്കെടുത്തു. എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തിനു പുറത്തുള്ള സാമുദായിക സാംസ്‌കാരിക നേതാക്കളെ നേരില്‍ക്കണ്ട് പിന്തുണ തേടുന്ന തിരക്കിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."